കോവിഡ് പ്രതിരോധത്തിൽ സർക്കാരിെൻറ ക്രിയാത്മക ഇടപെടലുകളിലെ ‘കേരള മോഡൽ’ ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു. കോവിഡ് ബാധ പടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ‘ദ ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിെൻറ പ്രസക്തഭാഗങ്ങൾ.
?. കോവിഡ് സാഹചര്യം നേരിടുന്നതിന് കേരളം സ്വീകരിച്ച നടപടികൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. വളരെ സങ്കീർണമായ ഇങ്ങനെയൊരു സാഹചര്യം നേരിടാൻ കേരളം സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്?
ചരിത്രപരമായി സാമൂഹിക മേഖലയിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചുവരുന്നുണ്ട്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, അവബോധം എന്നിവയിൽ സാമൂഹികതലത്തിൽ എല്ലായ്പ്പോയും അടിസ്ഥാന അറിവുകൾ നേടിയിരുന്നു. ഇത്തരം സാമൂഹിക പുരോഗതിയെ വെല്ലുവിളികളെ നേരിടാനായി ഞങ്ങൾ ഉപയോഗിച്ചു. കൂടാതെ സർക്കാർ സംവിധാനങ്ങൾ, വിവിധ സംഘടനകൾ, കൂട്ടായ്മകൾ എന്നിവയും പ്രതിസന്ധികൾ നേരിടാൻ കാര്യക്ഷമമായിത്തന്നെ പ്രവർത്തിച്ചു. ഞങ്ങളുടെ ആരോഗ്യസൗധം കെട്ടിപ്പടുത്തിരിക്കുന്നതുതന്നെ ഗ്രാമീണ േമഖലകളിലെ പ്രൈമറി ഹെൽത്ത് സെൻററുകളിലൂടെയാണ്. ഇവ ആശുപത്രികളുടെ വിപുലമായ ശൃംഖലകളുമായി കൂട്ടിയോജിപ്പിച്ചിരിക്കുകയാണ്.
ജനുവരിയിൽ കോവിഡ് 19 പടർന്നുപിടിച്ചപ്പോൾ മുതൽ ഞങ്ങളുടെ ആരോഗ്യ വിഭാഗവും അനുബന്ധ വിഭാഗങ്ങളും ഉണർന്നുപ്രവർത്തിച്ചു. കോവിഡിനേക്കാൾ ഭീകരമായ നിപ വൈറസിനെ നേരിട്ടതിെൻറ പരിചയം മുന്നിലുണ്ടായിരുന്നു. അതിനാൽ കോവിഡിെൻറ പ്രോട്ടോേക്കാൾ തയാറാക്കാൻ സഹായകമായി. മിനിട്ടുകളിൽ സംഭവിച്ച വിവരങ്ങൾ ശേഖരിച്ചു. അവ വിശകലനം ചെയ്ത് മുന്നോട്ടുപോയി.
കോവിഡ് 19 ഉടലെടുത്ത ചൈനയിലെ വുഹാനിൽനിന്നും നാട്ടിലേക്ക് വിദ്യാർഥികളെത്തി. അവർക്കായി പ്രത്യേക സൗകര്യം ഒരുക്കി പൊതു സമൂഹത്തിൽ നിന്നും അകറ്റിനിർത്തി. വുഹാനിൽ നിന്നെത്തിയ വിദ്യാർഥികളെ വിമാനത്താവളത്തിൽനിന്നും നേരിട്ട് ഐസൊലേഷൻ വാർഡുകളിൽ എത്തിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ചികിത്സ സംവിധാനങ്ങൾ ഒരുക്കി. മുഖ്യമന്ത്രി എന്ന നിലയിൽ എെൻറ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ചിലപ്പോൾ മൂന്നും നാലും അവലോകന യോഗം കൂടി. എല്ലാ വിഭാഗങ്ങളിലെയും തലവൻമാരെ ഉൾപ്പെടുത്തിയായിരുന്നു യോഗം. പകർച്ചവ്യാധി ആയതിനാൽ വകുപ്പുതല ഏകോപനവും മറ്റുവകുപ്പുകൾ തമ്മിലുള്ള ഏകോപനവും ഉറപ്പാക്കേണ്ടതുണ്ട്. ആദ്യ ഘട്ടത്തിൽതന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി പ്രവർത്തനം ആരംഭിച്ചു.
?.കോവിഡ് 19നെ നേരിടാനുള്ള കേരള മോഡലിെൻറ പ്രത്യേകത എന്താണ്?
അപകടകാരിയായ നിപ വൈറസിനെ നേരിട്ട ചരിത്രം ഞങ്ങൾക്ക് മുന്നിലുണ്ട്. േലാകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തനങ്ങളിലെ നല്ല അനുഭവങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അവ രൂപപ്പെടുത്തിയത്. പരിചയത്തിൽ നിന്നാണ് പുതിയ പ്രോട്ടോേക്കാൾ ഞങ്ങൾ രൂപപ്പെടുത്തിയത്. ഞങ്ങളുടെ ശക്തി, ദൗർബല്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. സാമൂഹിക മേഖലയിലെ പുരോഗതിയായിരുന്നു പ്രധാന നേട്ടം. റിസോഴ്സസ് കുറവാണെങ്കിലും ഉയർന്ന അവബോധവും വിദ്യാഭ്യാസവും സഹകരണവും ആളുകളുടെ പ്രതിബദ്ധതയും ഞങ്ങളുടെ കൈമുതലാണ്. തുടക്കം മുതൽതന്നെ പ്രതിപക്ഷവുമായി ചേർന്നായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ. അവരുടെ അഭിപ്രായങ്ങളെകൂടി ഞങ്ങൾ മുഖവിലക്കെടുത്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കൂട്ടായ്മയും അർപ്പണ ബോധവുമാണ് കേരള മോഡലിൽ പ്രധാനമെന്ന് ഉറപ്പിച്ചുപറയാനാകും.
?. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് സ്ട്രാറ്റജിയിൽ എന്തെങ്കിലും മാറ്റം വരുത്തിയോ? ഉണ്ടെങ്കിൽ എന്തെല്ലാം തിരുത്തലുകളാണ് വരുത്തിയത്?
ഓരോ ദിവസവും കാര്യങ്ങൾ മാറിമറിയുകയാണ്. ഒരു പ്ലാൻ മാത്രമേ നടത്തൂ എന്ന അനാവശ്യ പിടിവാശിയും നിർബന്ധബുദ്ധിയും ഞങ്ങൾക്കില്ല. അവലോകന യോഗങ്ങളിൽ നടപ്പിലാക്കേണ്ട പദ്ധതികളിൽ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളുമുണ്ടാകും. ചെറിയ കാര്യങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽപോലും അവ അതിസൂക്ഷ്മമായി വിലയിരുത്തും. എണ്ണിയാലൊടുങ്ങാത്ത ആരോഗ്യപ്രവർത്തനങ്ങൾ ലോകത്തിെൻറ വിവിധ മേഖലകളിൽ, ഇറ്റലിയിൽ അടക്കം ചെയ്ത് പരിചയമുള്ളവരുണ്ട്. അവരുടെ പരിചയസമ്പത്ത് ഞങ്ങളുടെ കൂട്ടിച്ചേർക്കലുകളിൽ ഉപയോഗപ്പെടുത്തും.
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ടവരിൽ നിന്നും സമയം പരിഗണിക്കാതെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു. അവരെ കേൾക്കാനും തയാറാവുന്നു. 22നും 40നും ഇടയിൽ പ്രായമുള്ള 2.36 ലക്ഷം ജനങ്ങളുടെ യുവ ആർമി ഇവിടെ രൂപവത്കരിച്ചിട്ടുണ്ട്. അവർ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
?. നിരാശ തോന്നിയ ഏെതങ്കിലും ഘട്ടമുണ്ടോ? ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ നടക്കുന്നുണ്ടോ?
ആരെ സംബന്ധിച്ചും ഇക്കാര്യത്തിൽ പരാതികളൊന്നും ഇല്ല. എന്നാൽ, ചിലർ നിർദേശങ്ങൾ അനുസരിക്കാത്തതിൽ വിഷമം തോന്നാറുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർ മറ്റുള്ളവരുമായി ഇടപഴകുന്നതും ചില സ്ഥലങ്ങളിൽ സന്ദർശിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇപ്പോൾ പൊതുജനങ്ങൾക്ക് കാര്യങ്ങളുടെ ഗൗരവം മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അവർ നിർദേശങ്ങൾ ഇപ്പോൾ കൃത്യമായി അനുസരിക്കുന്നുണ്ട്.
?. നിലവിലുള്ള ആശങ്കകൾ എന്തെല്ലാമാണ്?
എല്ലാ രാജ്യങ്ങളിലും സ്ഥലങ്ങളിലും സമൂഹവ്യാപനം നടന്നുകഴിഞ്ഞു. ഈ മഹാദുരന്തത്തെ ഒഴിവാക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇതിനെയും ഞങ്ങൾക്ക് നേരിടാൻ കഴിയും. ചെറിയ സമയത്തിനുള്ളിൽ കുറെയധികം പ്രതിസന്ധികെള ഞങ്ങൾ നേരിട്ടു. പ്രളയം, നിപ, ഓഖി എന്നിവയെല്ലാം അവയിൽ ചിലതാണ്. എനിക്ക് വിശ്വാസമുണ്ട്, ജനങ്ങളുടെ പിന്തുണയോടെ ഈ മഹാവിപത്തിനെയും ഞങ്ങൾ മറികടക്കും.
?. എന്തിലാണ് നിങ്ങൾ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നത്?
രോഗവ്യാപനം തടയുക എന്നതാണ് പ്രധാന ലക്ഷ്യം. അതിെൻറ പ്രധാനമാർഗം ജനങ്ങളെ വീട്ടിലിരുത്തുക എന്നതാണ്.
?. കേരളത്തിെൻറ ഘട്ടം ഘട്ടമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ആദ്യം ഇതൊരു പകർച്ചവ്യാധിയാണെന്ന യാഥാർഥ്യം ഉൾക്കൊണ്ടു. പിന്നീട് നിരോധിത നടപടികൾ തുടങ്ങി, ഒപ്പം ആ സാഹചര്യം നേരിടുന്നതിനായി ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാനും പണത്തിന് ബുദ്ധിമുട്ടില്ലാതിരിക്കാനുമുള്ള നടപടികളുമെടുത്തു.
ഇൗ പകർച്ചവ്യാധിയെ തുരത്തുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ അതിെൻറ പേരിൽ ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടാൻ പാടില്ല. ആദ്യ യോഗത്തിൽ തന്നെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഒരു കാര്യം പെടുത്തിയിരുന്നു. നമ്മൾ ചെയ്യുന്നതെല്ലാം ജനങ്ങൾക്ക് വേണ്ടിയാണ്. ആരും അവരുടെ പ്രാഥമിക ആവശ്യങ്ങൾക്കുവേണ്ടി ബുദ്ധിമുട്ട് നേരിടരുത്. കേരളം ഒരു വിശപ്പുരഹിത സംസ്ഥാനമാണ്. കോവിഡ് 19 അല്ലെങ്കിൽ വേറെ എന്തെങ്കിലും ആയിക്കോട്ടെ അതിൽ ഒരു മാറ്റവും വരാൻ അനുവദിക്കില്ല. ആരും ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങാൻ പോകരുത്. ഇതിനായി ഞങ്ങൾ കമ്യൂണിറ്റി കിച്ചൻ സംവിധാനം ഒരുക്കി. അതുവഴി ആവശ്യമുള്ളവരിലേക്ക് ഭക്ഷണമെത്തും. വീട്ടുപടിക്കൽ ഭക്ഷണം എത്തിക്കുന്ന തരത്തിലാണ് അവയുടെ സംവിധാനം ഒരുക്കിയിരിക്കുന്നത്.
?. കേരളം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ചു
കേന്ദ്രം സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിന് മുമ്പുതന്നെ ഞങ്ങൾ സാമ്പത്തിക മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. റിസോഴ്സിെൻറ കുറവ് ഞങ്ങളുടെ ഓർമയിലുണ്ട്. എന്നാൽ ജനങ്ങളുടെ ക്ഷേമത്തിൽ കുറവ് വരുന്നത് അനുവദിക്കാനാകില്ല. ഇതിനെ അടിസ്ഥാനമാക്കിയാണ് 20,000 കോടിയുടെ സാമ്പത്തിക പാേക്കജ് പ്രഖ്യാപിച്ചത്. ഇതിൽ ആരോഗ്യം, വായ്പ സഹായം, ഭക്ഷ്യവസ്തുക്കളുടെ സൗജന്യ വിതരണം, ക്ഷേമ പെൻഷനുകളുടെ മുൻകൂർ വിതരണം, തൊഴിലുറപ്പ് പദ്ധതികളിലേക്ക് ആവശ്യമായ തുക, കുറഞ്ഞ വിലയിൽ ഭക്ഷണം, നികുതി ആശ്വാസം തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു.
കുടുംബങ്ങളിേലക്ക് കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ സൗകര്യം ലഭ്യമാക്കും. ഇൗ വായ്പകളിൽ യാതൊരു പലിശയും ഈടാക്കില്ല. പ്രളയത്തിനുശേഷവും ഇത്തരത്തിലുള്ള നടപടികൾ ഞങ്ങൾ സ്വീകരിച്ചിരുന്നു. ആയിരക്കണക്കിന് കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അവ സഹായിച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അതിനൊപ്പം തന്നെ എല്ലാ പദ്ധതികൾ വഴിയും ജനങ്ങൾക്ക് ആശ്വാസം പകരാനാണ് ഞങ്ങളുടെ തീരുമാനം. കേന്ദ്രവും നടപടികളുമായി മുന്നോട്ടുപോകട്ടെ... സംസ്ഥാന സർക്കാരുകളാണ് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നേരിട്ട് കൈകാര്യം ചെയ്യുക. ജനങ്ങളുമായി സംവദിക്കാനുള്ള അവസരം സംസ്ഥാനസർക്കാരുകൾക്കാണ് ലഭിക്കുക. അതിനാൽ യഥാർഥ പ്രതിസന്ധികൾ ഞങ്ങൾക്ക് മനസിലാക്കാനാകും.
കേരളം കേന്ദ്രസർക്കാരിന് മുന്നിൽ വിശദമായ പദ്ധതി രേഖ സമർപ്പിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ വായ്പയുടെ പരിധി എടുത്തുകളയണമെന്ന നിർദേശവും അതിലുണ്ട്. പ്രധാനമന്ത്രിയും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ സംസ്ഥാനങ്ങളെ പിന്തുണക്കുന്ന നടപടികൾക്ക് ആവശ്യമായ ചില കാര്യങ്ങൾ ഞാൻ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കാര്യഗൗരവം മനസിലാക്കി കേന്ദ്രം ക്രിയാത്മകമായി പ്രതികരിക്കുമെന്നാണ് വിശ്വാസം.
ആഗോളതലത്തിൽ ഏറ്റവുമധികം ഇടപെടുന്നവരാണ് മലയാളി സമൂഹം. പ്രവാസികൾ കേരളത്തിനെ എപ്പോഴും പിന്തുണച്ചുകൊണ്ടിരിക്കുന്നു. അവരുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. പ്രവാസികളുടെ പണമാണ് ഞങ്ങളുടെ സാമ്പത്തികത്തിെൻറ അടിത്തറ. എന്നാൽ ഇപ്പോൾ പ്രവാസികളും ഈ പകർച്ചവ്യാധി പിടിപ്പെട്ടതോടെ ദുരിതം അനുഭവിക്കുകയാണ്. പരമാവധിപേരെ കേരളത്തിൽ തിരിച്ചെത്തിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, എല്ലാവരെയും തിരിച്ചെത്തിക്കുക എന്ന കാര്യം നടപ്പിലാക്കാൻ പ്രയാസമാണ്. ഞാൻ അവരോട് അഭ്യർഥിക്കുന്നത് സമാധാനമായി അതതു രാജ്യങ്ങളിലെ പ്രോട്ടോക്കോൾ അനുസരിച്ച് കഴിയണമെന്നാണ്. ഇവിടെയുള്ള നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിപാലിക്കാൻ കഴിയുമെന്ന ഉറപ്പാണ് എനിക്ക് നിങ്ങൾക്ക് തരാൻ കഴിയുക.
?. പ്രധാനമന്ത്രി 21 ദിവസം രാജ്യം അടച്ചിടുന്നതായി പ്രഖ്യാപിച്ചു. കൂടുതൽ സംസ്ഥാനങ്ങൾ അതിനാവശ്യമായ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തു.
ഒത്തൊരുമിച്ച് കൈകൾ കോർത്തുമാത്രമേ ഈ പ്രതിസന്ധിയെ നമുക്ക് നേരിടാനാകൂ. തുച്ഛമായ സമ്പത്താണ് സംസ്ഥാനങ്ങൾക്കുള്ളത്. ഒറ്റക്ക് ഈ പ്രതിസന്ധിയെ മറിക്കടക്കാനാകില്ല. ഈ പകർച്ചവ്യാധിയെ നിയന്ത്രിച്ച് കഴിഞ്ഞാൽ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കണം. പ്രധാനമന്ത്രിക്ക് ഈ പ്രതിസന്ധിയുടെ ആഴം മനസിലാക്കാൻ കഴിയുമെന്നും പോസിറ്റീവായി പ്രതികരിക്കുമെന്നുമാണ് വിശ്വാസം.
?. ആഗോള തലത്തിൽ നേരിടുന്ന പ്രതിസന്ധിയുടെ ഒരു ഭാഗമാണ് കേരളവും നേരിടുന്നത്. ഗൾഫ് രാജ്യങ്ങളടക്കം പ്രതിസന്ധി നേരിടുേമ്പാൾ കേരളം വലിയൊരു വെല്ലുവിളി പ്രതീക്ഷിക്കുന്നുണ്ടോ?
ആഗോള മാന്ദ്യം കേരളത്തെ പ്രതികൂലമായാണ് ബാധിച്ചത്. മിഡിൽ ഈസ്റ്റിലുണ്ടായ പ്രതിസന്ധിയും കണക്കിലെടുക്കണം. മിഡിൽ ഈസ്റ്റിൽ കുറെപേർക്ക് േജാലി നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടായി. യു.എസിലും യൂറോപ്പിലുമുണ്ടായ പ്രതിസന്ധി ഐ.ടി മേഖലയിലും വിനോദസഞ്ചാരമേഖലയിലും ഒരുപോലെ പ്രതിസന്ധിയിലാക്കി. ഇപ്പോഴത്തെ നമ്മുടെ പ്രധാന വെല്ലുവിളി ഇൗ അടിയന്തര സാഹചര്യത്തെ നേരിടുക എന്നതാണ്. ഈ പ്രതിസന്ധിയും നമ്മൾ അതിജീവിക്കും. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.