തിരുവനന്തപുരം: മകൾ വീണക്കെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്നും മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സഭയിൽ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തര പ്രമേയ ചർച്ചയിലാണ് അദ്ദേത്തിന്റെ മറുപടി.
ഒരു ആരോണവും ഏശാൻ പോകുന്നില്ലെന്നും നിങ്ങൾ ആരോപണം ഉയർത്തു..ജനങ്ങൾ സ്വീകരിക്കുമോ എന്നു കാണാമെന്ന് മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞിരുന്നു. ഇപ്പോൾ അതൊന്നും കേൾക്കാനില്ല. മുൻപ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്കെതിരെയായി. ബിരിയാണി ചെമ്പടക്കം മുൻപ് പറഞ്ഞതൊന്നും നമ്മളെ ഏശിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
അതേസമയം, കേന്ദ്രസർക്കാറിനെതിരെയും പ്രതിപക്ഷത്തിനെതിരെയും ഗുരുതരമായ വിമർശനങ്ങൾ അദ്ദേഹം നടത്തി. ധനകാര്യ കമീഷന്റെ ശുപാർശ പോലും ലംഘിച്ചാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറക്കുന്നത്. സാമ്പത്തിക ഉപരോധിത്തിന്റെ രൂപത്തിലുള്ള കേന്ദ്ര നീക്കങ്ങൾ കേരളത്തെ ഞെരുക്കുകയാണ്. ഭരണഘടന വിരുദ്ധമായ ഇത്തരം പ്രവർത്തികൾക്കെതിരെ ഒന്നിച്ച് പ്രതിഷേധിക്കേണ്ടതാണ്. എന്നാൽ പ്രതിപക്ഷം വിമുഖത കാട്ടി. ഫെഡറിലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്നും പ്രതിപക്ഷേ ഒളിച്ചോടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങൾ മുന്നോട്ടുള്ള കുതിപ്പിലാണ്. ഈ അവസരത്തിലാണ് വർഗീയവത്കരണത്തിന്റെ വക്താക്കളെ നാമനിർദേശത്തിലൂടെ തിരുകി കയറ്റാൻ ചാൻസലർ സ്ഥാനം വഹിക്കുന്ന ബഹുമാന്യൻ തുനിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം മുന്നിലുണ്ടാകും. സംഘപരിവാറിന്റെ ഭരണ മോഹങ്ങളെ പാർലമന്റെിൽ എത്തുന്ന ഒരോ ഇടതുപക്ഷക്കാരനും ഇല്ലാതാക്കും. ഇടതുപക്ഷം ദുർബലമായ സ്ഥലങ്ങളിൽ സംഘപരിവാറിനെ എതിർക്കാൻ കോൺഗ്രസിനെ സഹായിക്കില്ലെന്ന പിടിവാശിയൊന്നും ഞങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.