ഔദാര്യത്തിനല്ല, അവകാശത്തിനാണ് ആളുകൾ വരുന്നത്, അത് മറക്കരുത് -ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഔദാര്യത്തിനല്ല, അവകാശത്തിനായാണ് സർക്കാർ ഓഫിസുകളിലേക്ക് ആളുകൾ വരുന്നതെന്നും ഇത് മുന്നിൽകണ്ട് ജീവനക്കാർ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ കാലതാമസം ഇല്ലാതാക്കി എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കണം. നാടിന് ഏറ്റവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണ് സർക്കാർ ഓഫിസുകളെന്നും അവിടേക്കെത്തുന്നവർ ദയക്കുവേണ്ടി വരുന്നവരാണെന്ന് ചിന്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന തിരുവനന്തപുരം മേഖലതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന മലയാളികളെ ഏറെ പുകഴ്ത്തിയാണ് അവിടങ്ങളിലുള്ളവർ പറയുന്നത്. എന്നാൽ നാട്ടിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് ഇങ്ങനെ പറയുന്നില്ല. പ്രത്യേകിച്ച് സർക്കാർ സർവിസിലാകുമ്പോൾ. ഈ രീതിക്ക് മാറ്റംകൊണ്ടുവരാൻ ജീവനക്കാർ ശ്രദ്ധിക്കണം. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കപ്പെടുന്നതിന് ഓരോ വകുപ്പുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥർ ഹൃദ്യസ്ഥമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, എം.ബി. രാജേഷ്, പി. പ്രസാദ്, വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, വീണ ജോർജ്, വി. അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡീഷനൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കലക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പദ്ധതികൾ അവലോകനം ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായാണ് യോഗം ചേർന്നത്. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനും വകുപ്പുകൾ ചേർന്ന് നടപ്പാക്കേണ്ടവ കൂടിയാലോചിച്ച് വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. 

Tags:    
News Summary - Chief Minister pinarayi vijayan to officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.