അഭിഭാഷകവൃത്തിയിൽ സുതാര്യശുദ്ധി വേണം, ബാർ കൗൺസിൽ ഇടപെടണമെന്ന് മുഖ്യമന്ത്രി

കൊച്ചി: അഭിഭാഷകവൃത്തിയിൽ ഒരു വിധത്തിലുള്ള ജീര്‍ണതയും അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയ൯. ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്റ്റൈപ്പെന്‍ഡ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സുതാര്യശുദ്ധിയോടെയാകണം പ്രവർത്തനങ്ങൾ. ആവശ്യമുള്ള തലങ്ങളിൽ ഇടപെടേണ്ടത് ബാർ കൗൺസിലിന്‍റെ കടമയാണ്. അത് നിർവഹിക്കുന്നതിൽ കൂടുതൽ ശ്രദ്ധ വെക്കണമെന്ന് ഓർമിപ്പിക്കുന്ന പല കാര്യങ്ങളും സമീപകാലത്ത് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നീതി നിഷേധിക്കപ്പെടുന്നിടത്ത് സ്വമേധയാ തന്നെ അഭിഭാഷകർ ഇടപെടുന്ന സംസ്കാരം മുന്‍പ് ഉണ്ടായിരുന്നു. സാമ്പത്തികേതരമായ മാനുഷിക പരിഗണനകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു അത്തരം ഇടപെടലുകള്‍. ആ സംസ്‌കാരത്തെ ഇപ്പോൾ മറ്റു ചില പ്രവണതകൾ പകരം വക്കുന്നുണ്ടോയെന്ന് ചിന്തിക്കണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, അധികാരം തുടങ്ങിയവയെ ആദരിക്കുന്ന വിധത്തിൽ ജുഡീഷ്യൽ ഓഫിസര്‍മാരുടെ നിയമനം കൃത്യമായി നടക്കണം.

നിയമങ്ങളെ നീതി ലഭ്യമാക്കുന്നതിനുളള ഉപാധിയായി ഉപയോഗിച്ചാൽ മാത്രമേ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിക്കുകയുള്ളൂ. ജനാധിപത്യത്തിന്‍റെ നെടുംതൂണുകളായ ലെജിസ്ലേറ്റീവ്, എക്‌സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവയില്‍ ഏതെങ്കിലും ഒന്ന് ദുര്‍ബലപ്പെട്ടാൽ ജനാധിപത്യം ആകെ ദുര്‍ബലമാകും. ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്.

വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിക്ക് തുല്യമാണെന്ന നിലയ്ക്ക് വേണം കാര്യങ്ങളെ സമീപിക്കാനും കൈകാര്യം ചെയ്യാനും. ഇത്രയധികം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മതിയായ കോടതികളോ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരോ ഇല്ല എന്നത് സത്യമാണ്. എങ്കിലും ജുഡീഷ്യറിയുടെ ഈ പരിമിതികള്‍ തിരിച്ചറിഞ്ഞ് പുതിയ ദിശാബോധം കൈവരിച്ചാൽ മാത്രമേ സമയബന്ധിതമായി നീതി ലഭ്യമാക്കാന്‍ കഴിയൂ. ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും കോടതികളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനോടൊപ്പം പ്രധാനമാണ് അഭിഭാഷകരുടെ നീതിബോധവും നീതിയുക്തമായ ഇടപെടലുകളുമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ബാര്‍ കൗണ്‍സിൽ ചെയര്‍മാ൯ അഡ്വ. കെ.എന്‍. അനില്‍കുമാർ അധ്യക്ഷത വഹിച്ചു.ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, നിയമ, മന്ത്രി പി.രാജീവ്, അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്, കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറി ജോസഫ് ജോണ്‍, ട്രഷറര്‍ അഡ്വ. കെ.കെ നാസര്‍ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Chief Minister wants transparency in legal profession, bar council should intervene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.