കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലായ പുതുപ്പള്ളിയിൽ എൽ.ഡി.എഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മുതിർന്ന നേതാക്കളെത്തും. വരില്ലെന്ന് നേതൃത്വം പറയുമ്പോഴും രാഹുൽ ഗാന്ധിക്കായി പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇനിയുള്ള ദിവസങ്ങളിൽ പ്രമുഖരെ ഇറക്കി പ്രചാരണം കടുപ്പിക്കാനാണ് മുന്നണികളുടെ നീക്കം. സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയാകുന്നതോടെ പൊതുസമ്മേളനങ്ങളിലേക്കും മുന്നണികൾ കടക്കും. രണ്ടുഘട്ടങ്ങളിലായി മുഖ്യമന്ത്രി എത്തുമെന്നാണ് വിവരം. പോളിറ്റ് ബ്യൂറോ അംഗങ്ങൾ, ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെ വരുംദിവസങ്ങളിൽ എൽ.ഡി.എഫിനായി എത്തും.
ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് എത്തിയ രാഹുൽ ഗാന്ധി, തന്റെ ഭാരത് ജോഡോ യാത്രയിൽ സജീവ പങ്കാളിയായിരുന്ന ചാണ്ടി ഉമ്മന്റെ പ്രചാരണാർഥം എത്തുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. രണ്ടുദിവസമായി വയനാട്ടിലുണ്ടായിരുന്ന രാഹുൽ, ഞായറാഴ്ച രാത്രി പുതുപ്പള്ളിയിൽ എത്തുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം പ്രചാരണത്തിന് എത്തില്ലെന്നാണ് എ.ഐ.സി.സി നേതൃത്വം വ്യക്തമാക്കിയത്.
ഇടത് സ്ഥാനാർഥിയായി ജെയ്ക് സി.തോമസ് ആഗസ്റ്റ് 16ന് പത്രിക സമർപ്പിക്കും. അന്ന് വൈകീട്ട് മണർകാട്ട് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മന്ത്രിമാരുൾപ്പെടെ മണ്ഡലത്തിൽ പ്രചാരണത്തിനെത്തും.
ചാണ്ടി ഉമ്മൻ 17ന് പത്രിക സമർപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, മുസ്ലിംലീഗ് ഉൾപ്പെടെ ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ മണ്ഡലത്തിൽ പ്രചാരണത്തിനെത്തും.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പ്രധാന നേതാക്കൾ പിന്മാറിയത് ബി.ജെ.പിയെ ആശങ്കയിലാക്കി. ഇരുമുന്നണിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കിയെങ്കിലും സ്ഥാനാർഥിയെ ഉൾപ്പെടെ പ്രഖ്യാപിക്കാൻ വൈകിയത് പാർട്ടിക്ക് തിരിച്ചടിയാണ്. അനിൽ ആന്റണി, ജോർജ് കുര്യൻ, കുമ്മനം രാജശേഖരൻ, ആർ. ഹരി എന്നിവരുടെ പേരുകൾ പ്രാദേശിക നേതൃത്വം മുന്നോട്ടുെവച്ചിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ നേതാക്കളാരും മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 11,600 ഓളം വോട്ടുപിടിച്ച മണ്ഡലത്തിൽ ഇക്കുറി അതിലും കുറഞ്ഞാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നേതാക്കൾ പിന്മാറിയതെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.