തിരുവനന്തപുരം: നവകേരള സദസ്സിന്റെ ഓളത്തിലും ആരവത്തിലും മാസപ്പടി വിവാദം കെട്ടടങ്ങിയെന്ന് ആശ്വസിക്കുന്നതിനിടെ സി.പി.എമ്മിനും ഇടതുമുന്നണിക്കും തലവേദനയായി കേന്ദ്രത്തിന്റെ എക്സാലോജിക് അന്വേഷണം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരെയാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതെങ്കിലും ഫലത്തിൽ സർക്കാറിനും സി.പി.എമ്മിനുമെതിരെയാണ് ചോദ്യമുന നീളുന്നത്.
മാസപ്പടി വിവാദവും കോലാഹലങ്ങളും പുതുമയല്ലെങ്കിലും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിശ്ചയിച്ച നാലുമാസ സമയപരിധിയാണ് ഏറെ നിർണായകം. കൃത്യം ലോക്സഭ തെരഞ്ഞെടുപ്പ് വേളയാണിത്. അതിനാൽ തന്നെ സി.പി.എമ്മിനെതിരായ രാഷ്ട്രീയ നീക്കമെന്ന നിലയിൽ കൂടിയാണ് അന്വേഷണം കണക്കാക്കപ്പെടുന്നത്.
മാസപ്പടി വിവാദത്തിന്റെ തുടക്കത്തിൽ, രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ സുതാര്യ കരാറെന്ന ആഗസ്റ്റ് 10ലെ വാർത്തകുറിപ്പിലൂടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് എക്സാലോജിക്കിനായി പ്രതിരോധം തീർത്തത്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിതീർപ്പിലെ പോരായ്മകളും നടപടിക്രമങ്ങളിലെ വീഴ്ചയും മുതൽ രാഷ്ടീയ പകപോക്കൽ വരെ നിരത്തി മുഖ്യമന്ത്രിയും രംഗത്തെത്തി. എന്നാൽ, പുതിയ കേന്ദ്ര നീക്കത്തിൽ ഉന്നത നേതാക്കളാരും പ്രതികരിച്ചിട്ടില്ല. പ്രതികരിച്ചവരാകട്ടെ ആദ്യഘട്ടത്തിലേത് പോലെ കാര്യമായ ന്യായവാദങ്ങൾ നിരത്താതെ ‘രാഷ്ട്രീയ പ്രേരിതം’ എന്നതിൽ പ്രതിരോധം പരിമിതപ്പെടുത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം തലസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഞായറാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കാണുന്നതിനാൽ സ്വാഭാവികമായും നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്.
നിയമസഭയിൽ വി.ഡി. സതീശനും പുറത്ത് മാത്യു കുഴൽനാടനും ഉന്നയിച്ച വെല്ലുവിളികളിലും വാദപ്രതിവാദങ്ങളിലും ‘എക്സാലോജിക് നികുതിയടച്ചെന്ന’ ജി.എസ്.ടി വകുപ്പിന്റെ എങ്ങുംതൊടാത്ത മറുപടിയിലും വിവാദം ഏറെക്കുറെ കെട്ടടങ്ങിയിരുന്നു. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റി എന്നതിൽനിന്ന് ‘വീണ ജി.എസ്.ടി അടച്ചോ ഇല്ലയോ’ എന്നതിലേക്ക് വിഷയം ചുരുക്കുന്നതിൽ സി.പി.എം വിജയിക്കുകയും ചെയ്തിരുന്നു. നവകേരള സദസ്സിന് ശേഷം മാത്യു കുഴൽനാടൻ ഉന്നയിച്ച ഒറ്റപ്പെട്ട ചോദ്യങ്ങളൊഴിച്ചാൽ പ്രതിപക്ഷംപോലും വിഷയം കൈവിട്ടു. എന്നാൽ പുതിയ അന്വേഷണ പ്രഖ്യാപനത്തോടെ വിഷയം വീണ്ടും സജീവമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.