തിരുവനന്തപുരം: യു.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ. കന്‍റോൺമെന്‍റ് ഗേറ്റിലൂടെ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാൻ എത്തിയ എം.സി ദത്തനെ ബാരിക്കേഡിന് സമീപത്ത് വെച്ച് പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് തിരിച്ചു പോയ ദത്തനോട് മാധ്യമപ്രവർത്തകൻ പ്രതികരണം തേടിയതോടെയാണ് അദ്ദേഹം പ്രകോപിതനായത്.
മാധ്യമപ്രവർത്തകനോട് ‘ശബ്ദിക്കരുതെ’ന്ന് പറഞ്ഞ ദത്തൻ, ‘വേറെ ഒരു പണിയില്ലേടെ നിനക്കൊക്കെ, ഇതിനേക്കാളും നീയൊക്കെ തെണ്ടാൻ പോ’ എന്ന് അധിക്ഷേപിക്കുകയും ചെയ്തു. ‘ഞങ്ങളുടെ പണിയാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയ മാധ്യമപ്രവർത്തകൻ, നിങ്ങൾക്ക് നാണമില്ലേ എന്നും നിങ്ങളാണ് തെണ്ടി നടക്കുന്നതെന്നും എം.സി ദത്തന് മറുപടി നൽകി.
സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ബാരിക്കേഡിന് മുമ്പിലെത്തിയ ദത്തനെ തിരിച്ചറിയാൻ സാധിക്കാതെ വന്നതോടെ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിയൽ കാർഡ് ചോദിച്ചിരുന്നു. എന്നാൽ, കാർഡ് കൈവശമില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
അതേസമയം, മോശം പരാമർശം വിമർശനത്തിന് വഴിവെച്ചതോടെ വിശദീകരണവുമായി എം.സി ദത്തൻ രംഗത്തെത്തി. പ്രതികരണത്തിന് താൽപര്യമില്ലെന്ന് പറഞ്ഞിട്ടും വീണ്ടും നിർബന്ധിച്ചപ്പോഴാണ് പ്രകോപിതനായതെന്ന് ദത്തൻ വിശദീകരിച്ചു. പൊലീസ് തന്നെ തടഞ്ഞിട്ടില്ലെന്നും ബുദ്ധിമുട്ട് നേരിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം തിരിച്ചറിയൽ കാർഡ് പരിശോധിക്കാനാണ് നിർത്തിയതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.