മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല- കെ.സുധാകരന്‍

കോഴിക്കോട് : തീരശോഷണം ഉള്‍പ്പെടെയുള്ള അതിജീവന പ്രശ്‌നങ്ങളിലെ ആശങ്കകള്‍ ഉയര്‍ത്തി മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ നടത്തുന്ന സമരത്തെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സര്‍ക്കാരില്‍ നിന്നുള്ള ഔദാര്യത്തിനായല്ല മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. ആ സഹോദരങ്ങളുടേത് ജീവിക്കാനായുള്ള പോരാട്ടമാണ്.

അത് കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, അവരുടെ ജനകീയ പ്രക്ഷോഭത്തെ ആസുത്രിതമെന്ന് വരുത്തി തീര്‍ക്കാനുമുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമം പ്രതിഷേധാര്‍ഹമാണ്.തുടര്‍ച്ചയായി ഉണ്ടാകുന്ന കടല്‍ക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കി.ആ സാഹചര്യം കൂടി പരിഗണിച്ച് തീരദേശ ശോഷണത്തെ കുറിച്ച് വിശദമായി പഠിച്ച് പരിഹാരമാര്‍ഗങ്ങളും പുനരധിവാസ പദ്ധതികളും അടിയന്തരമായി തയാറേക്കണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

വിഴിഞ്ഞം പദ്ധതിയുടെ ഫലമായി ഭൂമിയും കിടപ്പാടവും നഷ്ടമായവര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ പുനരധിവാസം ഉറപ്പാക്കുന്ന 450 കോടിയുടെ പാക്കേജ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തീരശോഷണം ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ പരിഗണിച്ചും വിശദമായി പഠിച്ചും ശേഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാക്കേജിന് രൂപം നല്‍കിയത്. എന്നാല്‍ അത് നടപ്പിലാക്കുന്നതില്‍ പിന്നേട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വീഴ്ചവരുത്തി.എന്നിട്ടാണ് മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചത്. ഇത് നിര്‍ഭാഗ്യകരമാണ്.

മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ വേണ്ടിയാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. കാലാകാലങ്ങളില്‍ ഇവരുടെ ഉന്നമനത്തിനായി കുറെ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും അത് കടലാസില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല.കിടപ്പാടം,ജീവനോപാദികള്‍, മണ്ണെണ്ണവില വര്‍ധനവ്, മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ സഹായം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി ശാശ്വതപരിഹാരം കാണാന്‍ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Chief Minister's stance of insulting fishermen is unacceptable - K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.