കൊച്ചി: ഫെഡറലിസത്തിനും മതനിരപേക്ഷതക്കും മരണമണി മുഴക്കുന്ന ബി.ജെ.പിക്കെതിരെ പൊരുതാൻ രാഷ്ട്രീയഭേദമന്യേ മുഖ്യമന്ത്രിമാരുടെ യോഗം ഉടൻ ചേരുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമ്യൂണിസ്റ്റ്, കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ വ്യത്യാസമില്ലാതെ രാജ്യത്തെ 12 ബി.ജെ.പിയിതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ യോഗം മാർച്ച് 10ന് ശേഷം ചേരും. ഈ യോഗത്തിൽ സംസ്ഥാനങ്ങളുടെ അവകാശപത്രിക പുറത്തിറക്കും. സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി 'ഭരണഘടന ഫെഡറലിസം മതനിരപേക്ഷത: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി' വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്നതിന് മുന്നോടിയായി ചില സംഭാഷണങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അവകാശങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന ബി.ജെ.പി സർക്കാറിന്റെ ഏകാധിപത്യ പ്രവണതക്ക് അറുതിവരുത്താൻ ഒന്നിച്ച് പോർമുഖത്തേക്കിറങ്ങണം. ബി.ജെ.പിക്ക് എതിരെ നിൽക്കുന്ന രാഷ്ട്രീയപാർട്ടികളും ഇതര സംഘടനകളും ഇതേ ലക്ഷ്യത്തിന് പൊരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഭരണവർഗവും മൂലധന ശക്തികളും ഒരുമിച്ച് ഫെഡറലിസത്തിന്റെ ആശയത്തെ തകർക്കുകയാണ്. ഒറ്റ വിപണിയും ഒറ്റ രാജ്യവും എന്ന ആശയമാണ് ഇവർ പുലർത്തുന്നത്. ഭാഷാ സംസ്ഥാനങ്ങളുടെ രൂപവത്കരണത്തെ 1950കളിൽ എതിർത്തത് ആർ.എസ്.എസും മൂലധന ശക്തികളുമാണ്. അവർ അധികാരത്തിൽ വന്നപ്പോൾ അന്നത്തെ നയങ്ങൾതന്നെയാണ് നടപ്പാക്കുന്നത്. കോർപറേറ്റുകളുമായി ചേർന്ന് ഉടലെടുത്ത അവിശുദ്ധ കൂട്ടുകെട്ടിന്റെ തിക്തഫലം കേരളംപോലും അനുഭവിക്കുന്നു. നികുതി പിരിവിന്റെ രണ്ടര ശതമാനം ലഭിച്ചിരുന്ന കേരളത്തിന് നിലവിൽ അത് 1.09 ശതമാനമായി മാറി.
മുസ്ലിമിന് ഹിന്ദുക്കൾ കൂടുതലായി താമസിക്കുന്ന മേഖലകളിൽ കച്ചവടംപോലും നടത്താൻ കഴിയാത്തത്ര അപകടാവസ്ഥയിലാണ് യു.പിയും മധ്യപ്രദേശും പോലുള്ള സംസ്ഥാനങ്ങൾ. കോവിഡ് കാലത്ത് പ്രധാനമന്ത്രി നേരിട്ട് ജില്ല കലക്ടർമാരുടെ യോഗം വിളിച്ചതും കേന്ദ്ര പദ്ധതികൾ പ്രഖ്യാപിച്ചതും ഫെഡറൽ നയങ്ങൾക്ക് ഇവർ വിലകൽപിക്കുന്നില്ലെന്നതിന്റെ അപകടകരമായ തെളിവാണെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.