തിരുവനന്തപുരം: റോഡരികിൽ സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുട്ടിയെ കാണാതായ സംഭവത്തിൽ തെളിവുകൾക്കായി മേഖലയിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്. ഇന്നലെ പുലർച്ചെയോടെ കാണാതായ കുഞ്ഞിനെ 19 മണിക്കൂറിന് ശേഷം വൈകീട്ട് 7.15ഓടെയാണ് കൊച്ചുവേളി റെയിവേസ്റ്റേഷനു സമീപത്തെ ഓടയിൽ നിന്ന് കണ്ടെത്തിയത്.
രാത്രിയോടെ വൈദ്യപരിശോധനക്കായി കുട്ടിയെ ജനറൽ ആശുപത്രിയിലേക്കും തുടർന്ന്, എസ്.എ.ടി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ദേഹോപദ്രവമേറ്റിട്ടില്ല. ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണവും നിർജലീകരണവുമാണ് കുട്ടിക്കുണ്ടായിരുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
ഓൾ സെയിന്റ്സ് കോളജിനും ബ്രഹ്മോസിനുമിടയിൽ പ്രധാന പാതയുടെ സമീപത്താണ് നാടിനെ നടുക്കിയ സംഭവം. ഇതര സംസ്ഥാനക്കാരുടെ ചരക്കുലോറികൾ നിർത്തിയിടുന്ന തുറസ്സായ സ്ഥലത്താണ് ദമ്പതികളും നാലുമക്കളും കഴിഞ്ഞിരുന്നത്. ബന്ധുക്കളായ അഞ്ചുപേരും ഇവർക്കൊപ്പമുണ്ടായിരുന്നു. മൂന്ന് സഹോദരങ്ങൾക്കുസമീപം കൊതുകുവലക്കുള്ളിലാണ് മേരിയെ ഉറങ്ങാൻ കിടത്തിയത്. പുലർച്ച 12.30ഓടെ ഇളയ മകന്റെ ബഹളം കേട്ട് ഉണർന്നപ്പോഴാണ് മകളെ നഷ്ടമായ വിവരമറിയുന്നത്. തുടർന്ന്, 2.30 ഓടെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി പിതാവ് പരാതി നൽകുകയായിരുന്നു.
തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിച്ചു. പരിസരപ്രദേശങ്ങളും റെയിൽവേ പാളങ്ങളും കുറ്റിക്കാടുകളും ചതുപ്പ് പ്രദേശങ്ങളും പൊലീസ് സംഘം അരിച്ചുപെറുക്കി. പക്ഷേ, ഒരു തുമ്പും ലഭിച്ചില്ല. കുട്ടിയുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് ഡോഗ് സ്ക്വാഡ് പരിസര പ്രദേശങ്ങളിലും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലും പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇതിനിടയിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഭാഗത്തെ ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. ഉച്ചക്ക് ഈ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നെങ്കിലും കുട്ടിയുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അന്വേഷണം ശക്തമാക്കിയതോടെ, കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പൊലീസിന്റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.