തിരുവനന്തപുരം: മക്കൾ വിവാദങ്ങൾ സംസ്ഥാന സർക്കാറിെൻറ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചെന്ന് സി.പി.െഎ സംസ്ഥാന നിർവാഹകസമിതിയിൽ രൂക്ഷ വിമർശനം. കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം രാഷ്ട്രീയനിലപാട് വ്യക്തമാക്കിയശേഷം സി.പി.െഎ അഭിപ്രായം പറഞ്ഞാൽ മതിയെന്നും യോഗത്തിൽ ധാരണയായി.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയവിവാദങ്ങളുടെ ചർച്ചക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ഇ.പി. ജയരാജൻ എന്നിവരുടെ മക്കളെ ചുറ്റി ഉയർന്ന വിവാദങ്ങളും കടന്നുവന്നത്. ഇൗ വിവാദങ്ങൾ എടുത്തുപറഞ്ഞ പ്രതിനിധികളിൽ ചിലർ മക്കൾ വിവാദങ്ങൾ കഴിഞ്ഞ നാലരവർഷത്തെ സർക്കാറിെൻറ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ തടസ്സമായെന്ന് ആക്ഷേപിച്ചു. സർക്കാറിെൻറ പ്രതിച്ഛായയെ ഇത് അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചെന്ന് ചിലർ തുറന്നടിച്ചു. വിവാദങ്ങൾ ഉണ്ടാകുന്നതും നിലനിൽക്കുന്നതും സർക്കാറിനെയും മുന്നണിയെയും സംബന്ധിച്ച് ഒട്ടും ഗുണകരമായ കാര്യമല്ല. വിവാദങ്ങൾക്കിടയിലും ധാരാളം നല്ല കാര്യങ്ങളാണ് സർക്കാർ നടപ്പാക്കിയത്. ലൈഫ് പദ്ധതി, പട്ടയം വിതരണം, സൗജന്യ കിറ്റ്, ക്ഷേമപെൻഷൻ തുടങ്ങിയവ നേട്ടമാണ്. അത് ഉയർത്തിക്കാട്ടാൻ വിവാദങ്ങൾ തടസ്സമായി നിൽക്കുന്നെന്നും വിമർശനം ഉയർന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാറിെൻറ നേട്ടങ്ങൾ എടുത്തുകാട്ടി പ്രചാരണം നടത്തി വിവാദത്തെ പ്രതിരോധിക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ജോസ് കെ. മാണിയുടെ എൽ.ഡി.എഫ് പ്രവേശനത്തിൽ സി.പി.െഎ മുൻനിലപാട് തിരുത്തി പരസ്യമായി പ്രഖ്യാപിക്കേണ്ട സമയം എത്തിയിട്ടില്ലെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നത്. ജോസ് ആദ്യം നിലപാട് വ്യക്തമാക്കെട്ട, അവർ എൽ.ഡി.എഫ് രാഷ്ട്രീയം അംഗീകരിക്കെട്ടയെന്നും പ്രതിനിധികൾ പറഞ്ഞു. അപ്പോൾമാത്രം സി.പി.െഎ നിലപാട് പറയാമെന്നും അഭിപ്രായമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.