തിരവനന്തപുരം: സർക്കാറും സംസ്ഥാന ശിശുക്ഷേമ സമിതിയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ശിശുദിന റാലി നയിക്കാൻ കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രിയായി കോഴിക്കോട് പ്രോവിഡൻസ് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വി.എസ് ആത്മികയെയും പ്രസിഡൻറായി കോഴിക്കോട് ഉള്ളിയേരി എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മിത്ര കിനാത്തിനേയും തെരഞ്ഞെടുത്തു. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സി.ബി.എസ്.സി സ്കൂളിലെ നന്മയാണ് സ്പീക്കർ. തിരുവനന്തപുരം കാർമൽ ഹയർസെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി റബേക്ക മറിയം ചാക്കോ സ്വാഗതവും വയനാട് അടികൊല്ലി ദേവമാതാ എ.എൽ.പി സ്കൂളിലെ ജോയൽ ബിനോയ് നന്ദിയും പറയും. ഡോ. ജോർജ് ഓണക്കൂർ, ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്. പ്രദീപ്, ആർ. പാർവതി ദേവി, പ്രഫ.എ.ജി. ഒലീന, എൻ.എസ്. താര, പള്ളിപ്പുറം ജയകുമാർ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തത്.
വർണോത്സവത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല മലയാളം എൽ.പി-യു.പി. പ്രസംഗ മത്സരത്തിൽ ഓരോ വിഭാഗത്തിലെയും ആദ്യ ആറ് സ്ഥാനക്കാരിൽനിന്ന് സ്ക്രീനിങ് വഴിയാണ് ഇവരെ തെരഞ്ഞെടുത്തതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഓരോ ജില്ലയിൽനിന്നും തെരഞ്ഞെടുത്ത 48 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. 2019നു ശേഷം ആദ്യമായാണ് സംസ്ഥാനതലത്തിൽ ശിശുദിനത്തിലെ കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തത്.
കോഴിക്കോട് ഏലത്തൂർ ചെട്ടിക്കുളം എരഞ്ഞോളിയിൽ മർച്ചൻറ് നേവി ഉദ്യോഗസ്ഥൻ അമൽ ബിപിൻദാസിന്റെയും ഷാഹിനയുടെയും മകളാണ് ആത്മിക. മിത്ര കിനാത്തി കോഴിക്കോട് കൊയിലാണ്ടി കക്കാഞ്ചേരി ഉള്ളിയേരിയിൽ കിനാത്തി ഹൗസിൽ പൊലീസ് ഉദ്യോഗസ്ഥൻ ജിതേഷ് കുമാറിന്റെയും അധ്യാപിക സുരേഖയുടേയും മകളാണ്.
തിരുവനന്തപുരം ജഗതി ഈശ്വരവിലാസം മാധവത്തിൽ ഐ.ടി ഉദ്യോഗസ്ഥൻ ശ്രീകുമാറിന്റെയും ആയുർവേദ ഡോക്ടർ എസ്. ദിവ്യയുടെയും മകളാണ് നന്മ. 2022ലെ ശിശുദിനാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി ആയിരുന്നു നന്മ. തിരുവനന്തപുരം അമ്പലത്തറ അശ്വതി ഗാർഡൻസിൽ ബി.എസ്.എൻ.എൽ. എൻജിനീയർ അനിൽ ചാക്കോയുടെയും ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥ മിനു പത്രോസിന്റെയും ഇളയ മകളാണ് റബേക്ക. വയനാട് പുൽപ്പള്ളി അമരക്കുനി അടിക്കൊല്ലി കള്ളിക്കാട്ടിൽ പഞ്ചായത്ത് വി.ഇ.ഒ. ബിനോയ് അഗസ്റ്റിന്റെയും അധ്യാപിക ഷൈമയുടെയും മകനാണ് ജോയൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.