ബീയർ കുപ്പി വിവാദത്തിൽ പ്രതികരിച്ച് ചിന്ത ജെറോം; ‘സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് അസംബന്ധം’

കൊല്ലം: കൊല്ലം ജില്ല സമ്മേളനത്തിൽ വിതരണം ചെയ്ത കരിങ്ങാലി വെള്ളകുപ്പിയെ സമൂഹമാധ്യമങ്ങളിൽ ബീയർ കുപ്പിയായി പ്രചരിപ്പിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം. വിവാദങ്ങളെല്ലാം അസംബന്ധമാണെന്ന് ചിന്ത മാധ്യമങ്ങളോട് പ്രതികരിച്ചു.

തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. സി.പി.എമ്മിന് നേരെ നടക്കുന്ന ആക്രമണത്തിന്‍റെ ഭാഗമാണ്. സൈബർ ആക്രമണത്തിൽ തുടർനടപടി പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചിന്ത ജെറോം വ്യക്തമാക്കി.

കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബീയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്ത ഫേസ്ബുക്ക് കുറിച്ചു. ഗ്രീൻ പ്രോട്ടോക്കോളിന്‍റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം വിതരണം ചെയ്തത്. ഇതിന്‍റെ ചിത്രങ്ങൾ ബീയർ കുപ്പിയാണെന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ 'നന്നാക്കികൾ' പ്രചരിപ്പിക്കുന്നതെന്നും ചിന്ത ജെറോം ചൂണ്ടിക്കാട്ടി.

കൊല്ലം ജില്ല സമ്മേളന വേദിയിൽവച്ച് ചിന്ത ജെറോം ബീയർ കഴിച്ചെന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചത്. കുപ്പിയുടെ രൂപം കാണുന്ന നാട്ടുകാർക്കാണ് പ്രശ്നമെങ്കിൽ പിന്നെന്തിനാണ് കുടിക്കുന്നതിനിടയിൽ ചേച്ചി നാണം കുണുങ്ങി ആ കുപ്പി മേശയുടെ താഴേക്ക് ഒളിപ്പിക്കുന്നത്, ചിന്നാടന്‍റെ കാലാപാനി ഇതാണോ, അടിപൊളി ക്യാപ്സ്യൂൾ.... എന്നിങ്ങനെയാണ് ചിന്താ ജെറോമിന്‍റെ എഫ്.ബി പോസ്റ്റിനുള്ള പ്രതികരണങ്ങൾ.

ചിന്ത ജെറോമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബീയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം. സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നതു. ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂർവം അർത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമർശനങ്ങളുമായി ഒരുകൂട്ടർ ഇറങ്ങി പുറപ്പെടുന്നത്. വരുംകാലത്തിൻ്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും.

പ്രയോഗത്തിൻ്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്സിസം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിൻ്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിൻ്റെ ചിത്രങ്ങൾ ബീയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ 'നന്നാക്കികൾ' പ്രചരിപ്പിക്കുന്നത്.

സത്യാനന്തര രാഷ്ട്രീയത്തിൽ എങ്ങനെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിൻ്റെ സാക്ഷ്യമാണ് നിലവിലെ ബീയർ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല എന്ന് ബോർഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർ - അസത്യ പ്രചാരകർ കള്ളങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അവർ എത്രയും വേഗം തങ്ങളുടെ മാനസികനില പരിശോധിക്കാൻ തയ്യാറാവണം.

Tags:    
News Summary - Chintha Jerome react to Beer bottle controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.