ന്യൂഡൽഹി: കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ബി.ഒ.ടി കരാര്‍ 25 വര്‍ഷം കൂടി നീട്ടി നല്‍കാന്‍ നീക്കമുണ്ടെന്നും ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ഇ.ബിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുത മന്ത്രിയും ചേര്‍ന്ന മൂവര്‍ സംഘമാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ ഡിസംബര്‍ 30ന് അവസാനിക്കേണ്ട കരാറാണ് 25 വര്‍ഷത്തേക്കു കൂടി നീട്ടാന്‍ ശ്രമം നടത്തുന്നത്. കരാര്‍ അവസാനിക്കുന്നതിന് 21 ദിവസം മുമ്പ് നോട്ടീസ് നല്‍കേണ്ടതാണ്. എന്നാൽ, ഇന്നലെ വരെ നോട്ടീസ് നല്‍കിയിട്ടില്ല. യൂണിറ്റൊന്നിന് അമ്പതു പൈസയില്‍ താഴെ മാത്രം ചിലവു വരുന്ന ഈ പദ്ധതി 2025 ജനുവരി ഒന്ന് മുതല്‍ കെ.എസ്.ഇ.ബിക്ക് കൈമാറിക്കിട്ടേണ്ടതായിരുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ വിശാല താല്‍പര്യത്തിനേക്കാളും ചില കുത്തക കമ്പനികളുടെ മുലധന താല്‍പര്യങ്ങള്‍ക്കാണ് പിണറായി സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അവരില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിച്ചാണ് ഈ കരാര്‍ നീട്ടിനല്‍കാനുള്ള നീക്കം നടക്കുന്നത്.
കെ.എസ്.ഇ.ബിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഈ നീക്കം. കാര്‍ബോറണ്ടത്തിന് കരാര്‍ നീട്ടി നല്‍കുന്നതിനെ വൈദ്യുത ബോര്‍ഡ് ശക്തിയുക്തം എതിര്‍ത്തതാണ്. കെ.എസ്.ഇ.ബി ചെയര്‍മാനും, ചീഫ് എഞ്ചിനീയറും ഊര്‍ജ്ജ സെക്രട്ടറിക്ക് നല്‍കിയിരുന്ന കത്തില്‍ ഇക്കാര്യം വിശദമായി ചൂണ്ടിക്കാണിച്ചിരുന്നതാണ്.
2018 -19 കാലത്ത് വെള്ളപ്പൊക്കത്തില്‍ തങ്ങള്‍ക്കു നാശനഷ്ടമുണ്ടായി എന്ന കാരണം പറഞ്ഞാണ് കമ്പനി കാലാവധി നീട്ടി ചോദിക്കുന്നത്. മണിയാറില്‍ കാര്യമായ നാശമൊന്നുമുണ്ടായിട്ടില്ല. ഇനി അഥവാ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ നഷ്ടപരിഹാരം ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കിക്കോളും. അടുത്ത പത്ത് വര്‍ഷത്തേക്ക് യാതൊരുവിധ അറ്റകുറ്റപ്പണയും നടത്താതെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ശേഷിയും, സാഹചര്യവും ഈ പ്രോജക്ടിനുണ്ട്. എന്നിട്ടും കെ.എസ്.ഇ.ബിക്ക് അത് കൈമാറാതെ സ്വകാര്യ കമ്പനിക്ക് തന്നെ കൈമാറാനുള്ള നീക്കം വൈദ്യുതി ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് തുല്യമാണ്. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടും. കേരളത്തിന്റെ വൈദ്യുത മേഖല പൂര്‍ണമായും സ്വകാര്യ മേഖലക്ക് തീറെഴുതാനുള്ള ശ്രമത്തില്‍ നിന്നു പിണറായി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.