അവധിക്കാല യാത്രാ തിരക്ക്; മുംബൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ന്യൂഡൽഹി: ക്രിസ്മസ് പുതുവത്സര അവധിക്ക് മുംബൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ. ക്രിസ്മസിനും ന്യൂഇയറിനും നാട്ടിലേക്ക് എത്താൻ കഴിയുന്ന വിധത്തിൽ നാലുവീതം സർവീസുകളാണ് ഉള്ളത്. അവധിക്കാലത്തെ യാത്രാ തിരക്ക് പരിഹരിക്കാൻ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ വേണമെന്ന ആവശ്യത്തിനിടെയാണ് മുംബൈയിൽ നിന്നുള്ള സർവീസ് പ്ര്യഖ്യാപിച്ചിരിക്കുന്നത്.

മുബൈ എൽ.ടി.ടിയിൽ നിന്ന് തിരുവനന്തപുരം നോര്‍ത്തി (കൊച്ചുവേളി) ലേക്കാണ് പ്രതിവാര ട്രെയിൻ സർവീസുകൾ. കോട്ടയം വഴിയാണ് സർവീസ്. ഡിസംബര്‍ 19, 26, ജനുവരി രണ്ട്, ഒമ്പത് തീയതികളിൽ വൈകിട്ട് നാലിനായിരിക്കും മുബൈ എൽ.ടി.ടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് പുറപ്പെടുക. കൊച്ചുവേളിയിൽ നിന്ന് ഡിസംബര്‍ 21, 28, ജനുവരി രണ്ട്, 11 തീയതികളിൽ വൈകിട്ട് 4:20 നാണ് മുബൈ എൽ.ടി.ടിയിലേക്ക് ട്രെയിൻ പുറപ്പെടും.

ക്രിസ്മസ് - ന്യൂഇയർ സീസണിൽ യാത്രക്കാരുടെ വർധിച്ച ആവശ്യം കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്, സഹമന്ത്രി വി. സോമണ്ണ എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചിരുന്നു.

ന്യൂഡൽഹി, മുംബൈ, ഹൗറ, ബാംഗ്ലൂർ, ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, അമൃത്സർ, നന്ദേഡ്, ജയ്പൂർ, ജബൽപൂർ, ഭോപ്പാൽ, ലഖ്‌നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് കോട്ടയം / മധുരൈ- ചെങ്കോട്ട വഴി കൊല്ലം ജങ്ഷനിലേക്കോ തിരുവനന്തപുരം നോർത്തിലേക്കോ സർവീസ് അവസാനിപ്പിക്കുന്ന തരത്തിലാണ് പ്രത്യേക ട്രെയിനുകൾ ആവശ്യപ്പെട്ടത്. സ്പെഷ്യൽ ട്രെയിനുകൾ ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഇരുവരും ഉറപ്പു നൽകിയതായും എം.പി അറിയിച്ചിരുന്നു.

സ്റ്റോപ്പുകൾ

താനെ, പൻവേൽ, പെൻ, റോഹ, ഖേഡ്, ചിപ്ലുൺ, സങ്കമേശ്വർ, രത്‌നാഗിരി, കങ്കാവ്‌ലി, സിന്ധുദുർഗ്, കുഡാൽ, സാവന്ത്‌വാഡി, തിവിം, കർമലി, മഡ്ഗാവ്, കാർവാർ, ഗോകർണ റോഡ്, കുംട, മുരുഡേശ്വർ, ഭട്കൽ, മൂകാംബിക റോഡ്, കുന്താപുര, ഉഡുപ്പി, സൂറത്ത്കൽ, മംഗളൂരു ജങ്ഷൻ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

Tags:    
News Summary - holiday travel rush; Weekly special train from Mumbai to Kochuveli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.