സർക്കാർ ആദിവാസികളെ പട്ടിണിക്കിട്ട് ഭിക്ഷയാചിക്കും തരത്തിൽ ആക്കിത്തീർക്കുന്നുവെന്ന് ചിത്ര നിലമ്പൂർ

തിരുവനന്തപുരം: സർക്കാർ ആദിവാസികളെ പട്ടിണിക്കിട്ട് ഭിക്ഷയാചിക്കും തരത്തിൽ ആക്കിത്തീർക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകയായ ചിത്ര നിലമ്പൂർ. വയറു നിറയെ ഭക്ഷണവും കുറച്ചു ദൂരമുള്ള യാത്രയും മന്ത്രിമാരെയൊക്കെ നേരിൽ കാണാനുള്ള ആഗ്രഹവുമാണ് ആദിവാസികളെ കേരളീയത്തിലെത്തിച്ചത്. ഫോക് ലോർ അക്കാദമി പറഞ്ഞപ്പോൾ ഈ കോപ്രായങ്ങൾ ചെയ്തത് കൈയിൽ ദിവസവും കിട്ടുന്ന 1,500 രൂപക്കും നല്ല ഭക്ഷണത്തിനും വേണ്ടിയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി.... അങ്ങ് കേരള മോഡൽ വികസനം ലോക ചർച്ചക്കിടുമ്പോൾ ഇത്തരം കോമാളി വേഷം കെട്ടിയ ആദിവാസികളെയല്ല കാട്ടി കൊടുക്കേണ്ടത്. പിണറായി സർക്കാരും ഫോക് ലോർ അക്കാദമിയും ഞങ്ങളോട് മാപ്പ് പറയണമെന്നും ചിത്ര ഫേസ് ബുക്കിൽ കുറിച്ചു.

എഫ്.ബി പോസ്റ്റിന്റെ പൂർണ രൂപം

ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിലെ വണ്ണപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള ഊരാളി വിഭാഗം 67 വയസുള്ള കുമാരി പരമേശ്വരന്റെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചു. വളരെ നിഷ്കളങ്കതയോടെ അവർ ചില കാര്യങ്ങൾ പറയുന്നുണ്ട്. ഞങ്ങൾ പിണറായി സാറിനേയും മറ്റ് മന്ത്രിമാരെയും കണ്ടു. ഞങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന പച്ചരി ചാക്കരിയാക്കിത്തരാമെന്നു പറഞ്ഞു. ഇപ്പോൾ ഞങ്ങൾ കനകക്കുന്ന് കൊട്ടാരത്തിൽ സുഖമായി കഴിയുന്നു. നല്ല താമസം നല്ല ഭക്ഷണം, പോകുമ്പോൾ നല്ലകാശും കിട്ടും....

ഇതു തന്നെയാണ് കേരളീയത്തിലും മറ്റ് പരിപാടിയിലും ഈ കോമാളി വേഷം കെട്ടാനുള്ള കാരണവും. അവർ പറയുന്നുണ്ട് ഞങ്ങൾക്കിപ്പോൾ തൊഴിലുറപ്പില്ല കൂലിപ്പണിയില്ല. പിന്നെ ഇതല്ലാതെ മറ്റ് മാർഗ്ഗമില്ല എന്ന്.കേരള മോഡൽ വിദ്യാഭ്യാസം ആരോഗ്യം സാമൂഹ്യ സുരക്ഷ എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന കേരളീയം വേദിയിലാണ് ഈ അമ്മ അവരുടെ ദുരിതം പറഞ്ഞതെന്നറിയണം. അവർ ഫോക് ലോർ അക്കാദമി പറഞ്ഞപ്പോൾ ഈ കോപ്രായങ്ങൾ ചെയ്തത് കൈയിൽ ദിവസവും കിട്ടുന്ന 1,500 രൂപക്കും നല്ല ഭക്ഷണത്തിനും വേണ്ടിയാണ്. ആദിവാസി യുവാക്കൾ കഞ്ചാവ് കേസിലും ആനക്കൊമ്പ് കേസിലും പ്രതിയാകുന്നതും ഈ പച്ചരിയും സർക്കാരിന്റെ ചൂഷണവും തന്നെയാണ്.

പട്ടിക വർഗക്കാരെ പട്ടിണിക്കിട്ട് ഭിക്ഷയാചിക്കും തരത്തിൽ ആക്കിത്തീർക്കുകയാണ് സർക്കാർ. എനിക്കും ലഭിച്ചിരുന്നു കേരളീയം പരിപാടിയിൽ തനത് ഭക്ഷണം അവതരിപ്പിക്കാനുള്ള അവസരം. എന്നാൽ അതിന്റെ സാമ്പത്തികവും മറ്റുള്ള കാര്യങ്ങളും ട്രൈബൽ ഓഫീസുമായി ചർച്ച ചെയ്തപ്പോൾ ഇതൊരു തരം വിഡിയാക്കലാണെന്ന് തോന്നിയതോടെ ആ സ്റ്റാൾ വേണ്ടെന്നു വെച്ചു.

എന്നാൽ ഈ അമ്മ പറഞ്ഞ വാക്കുകൾ വളരെയധികം വേദനിപ്പിച്ചു. വയറു നിറയെ ഭക്ഷണവും കുറച്ചു ദൂരമുള്ള യാത്രയും മന്ത്രിമാരെയൊക്കെ നേരിൽ കാണാനുള്ള ആഗ്രഹവും എന്തും ഏതും ഞങ്ങൾ ചെയ്യാം എന്നുള്ള അർഥിത്തിൽ എത്തിച്ചിരിക്കുന്നു സാഹചര്യങ്ങൾ. ഫോക് ലോർ അക്കാദമി ഭാരവാഹികൾ ആദിവാസികളുടെ ഈ ദുരിതം മുതലെടുത്തു.

ഇന്ന് ഊരാളി വിഭാഗം ഇത്തരം വേഷം അണിയുന്നില്ല. പണ്ടും അണിഞ്ഞിരുന്നില്ല. മുളയും ഈറ്റയും ഉപയോഗിച്ച് ശരീരം നിറയെ ആഭരണങ്ങളും കണ്ണടയും കുറെ കുന്തവും കോലും അവർ ദൈവമെന്ന് വിശ്വസിക്കുന്ന ദുർഗ ദൈവത്തെപ്പോലും എടുത്തു കൊണ്ട് വന്ന് ലോകം ചർച്ച ചെയ്ത കേരള മോഡൽ പ്രദർശിപ്പിക്കുമ്പോൾ സർക്കാരിന് ലജ്ജയില്ലെങ്കിലും ഇന്ത്യൻ പൗരന്മാരായ ചിലർ ലജ്ജിക്കുകയാണ് ഇത് കണ്ട്. കാരണം ഇത്ര ഗതികേടിലായോ നമ്മുടെ സർക്കാർ.

കലക്ടർ ശ്രീധന്യാ സുരേഷും മോഡേണിൽ മത്സരിച്ച അട്ടപ്പാടി പെൺകുട്ടി അനു പ്രശോഭിനിയും നഞ്ചമ്മ ചേച്ചിയും ഒന്നും കേരള മോഡൽ ചർച്ച ചെയ്യാൻ പറ്റിയവരല്ലേ എന്നതാണ് ഞങ്ങളുടെ ചോദ്യം? ആദിമ നിവാസികൾ എങ്ങനെ ജീവിച്ചിരുന്നു എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ? അവരുടെ വേഷം, ഭക്ഷണം ഇവ കണ്ടിട്ടുണ്ടോ? മനസിൽ വിരിഞ്ഞ ഭാവനക്കനുസരിച്ച് ആദിവാസികളെ വേഷം കെട്ടിക്കുന്ന ഫോക് ലോർ അക്കാദമിയോടാണീ ചോദ്യം ?

ഊരിൽ ഞങ്ങളെപ്പോലുള്ളവർ കടന്നുപോകുന്നതിന് വിലക്ക്. എന്നാൽ ഈ വേഷം കെട്ടിക്കുന്നവരെയൊക്കെ ഊരിൽ പറഞ്ഞ് വിട്ട് യഥാർഥ ചരിത്രവും മാറ്റി ഇവരുടെയൊക്കെ തിരക്കഥക്കനുസരിച്ച് ആദിവാസിയെ മാറ്റിയെടുത്ത് പണമുണ്ടാക്കുന്ന ഇവരെയൊന്നും ഊരിന്റെ പരിസരത്തേക്ക് പോലും കടത്തിവിടരുത് എന്നാണെന്റെ അഭിപ്രായം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി.... അങ്ങ് കേരള മോഡൽ വികസനം ലോക ചർച്ചക്കിടുമ്പോൾ ഇത്തരം കോമാളി വേഷം കെട്ടിയ ആദിവാസികളെയല്ല കാട്ടി കൊടുക്കേണ്ടത്. പകരം ഒരു നേരം അന്തിയുറങ്ങാൻ ഇടമില്ലാതെ മരിയനാട് സമരം ചെയ്യുന്ന കുടിൽ കെട്ടി സമരവും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്നവരെയും നിലമ്പൂരിൽ ഭൂസമരക്കാരെയും നിരപരാധികളെന്നറിഞ്ഞിട്ടും പോക്സോ നിയമം ചുമത്തി ജയിലിലടച്ച യുവാക്കളെയുമൊക്കെയാണ്.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് മറ്റുള്ള സംസ്ഥാനങ്ങൾക്കും രാജ്യത്തിനും കേരളത്തെ വികസിതമെന്ന് പരിചയപ്പെടുത്തുമ്പോൾ ഓർക്കുക. ഒരു നേരത്തെ ഭക്ഷണത്തിനും അന്തിയുറങ്ങാൻ മണ്ണിനും ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന, ഭരണഘടനയുടെ 342ആം വകുപ്പു പ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയ പട്ടിക വിഭാഗങ്ങളെക്കുറിച്ച്. അവർക്ക് നിങ്ങൾ എന്ത് നേരി ക്കൊടുത്തു എന്ന്. ഇതെല്ലാം മനസിലാക്കാനും തിരുത്താനുമുള്ള ജാതി സെൻസസ് പുറത്തുവിട്ട് കേരളം മോഡൽ ലോകത്തെ കാണിക്കുക. പിണറായി സർക്കാരും ഫോക് ലോർ അക്കാദമിയും ഞങ്ങളോട് മാപ്പ് പറയുക.

Tags:    
News Summary - Chitra Nilambur says that the government is making the tribals starve and beg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.