തിരുവനന്തപുരം: ക്രൈസ്തവ സമൂഹവുമായി അടുക്കാനുള്ള ബി.ജെ.പി നീക്കം ലാഘവത്തോടെ കാണുന്നെന്ന ആക്ഷേപം കോൺഗ്രസിൽ ശക്തം. അപകടം തിരിച്ചറിഞ്ഞ് നീങ്ങുന്നതിന് പാർട്ടിയിൽ കൂടിയാലോചന നടക്കുന്നില്ലെന്നാണ് പരാതി. വിഷയം ചർച്ചചെയ്യാൻ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഉടൻ ചേരണമെന്നാണ് ആവശ്യം. കോൺഗ്രസിന്റെയോ യു.ഡി.എഫിന്റെയോ നേതൃത്വത്തിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലെന്ന പരാതി കുറച്ചുനാളായി സഭകൾക്കുണ്ട്. അതൃപ്തിയും അസ്വസ്ഥതയും പരസ്യമായിട്ടല്ലെങ്കിലും സഭാനേതൃത്വം പ്രകടിപ്പിക്കുന്നുമുണ്ട്. അതിനിടെയാണ് ബി.ജെ.പിയുടെ പുതിയ നീക്കം. ചില സഭകളെ നയിക്കുന്നവർക്കെതിരായ കേസുകളും സഭാ തർക്കങ്ങളും അതിനേറെ സഹായകവുമായി.
കേരളത്തിൽ വേരുറപ്പിക്കാൻ എല്ലാ സാധ്യതയും ഉപയോഗിക്കാനാണ് ബി.ജെ.പി നീക്കം. അതിന് ന്യൂനപക്ഷങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. അരമന സന്ദർശനമുൾപ്പെടെ സഭാ നേതൃത്വങ്ങളുമായി അടുക്കാൻ ബി.ജെ.പി നേതൃത്വം നീക്കം നടത്തിയതിനു പിന്നാലെ, ചില ക്രൈസ്തവ മതമേലധ്യക്ഷന്മാർ അവരെ പിന്തുണച്ച് പരസ്യമായി പ്രതികരിക്കുകയും ചെയ്തു. കേരളത്തിലെ ക്രൈസ്തവ വോട്ടുബാങ്കിൽ ഭൂരിപക്ഷവും പൊതുവെ, യു.ഡി.എഫിന് അനുകൂലമാണ്. അതിൽ വിള്ളലുണ്ടാക്കുന്നതാണ് ബി.ജെ.പി നീക്കം.
ഇത് തിരിച്ചറിഞ്ഞ് മറുതന്ത്രം ഒരുക്കുന്നതിനോ ആവശ്യമായ കൂടിയാലോചന നടത്തുന്നതിനോ കോൺഗ്രസ് നേതൃത്വം തയാറാകാത്തതിൽ ഗ്രൂപ്പുകൾക്ക് കടുത്ത അതൃപ്തിയുണ്ട്. വിവിധ സഭാ നേതൃത്വങ്ങളെ നേരിൽക്കണ്ട് ഉടൻ ചർച്ച നടത്തണമെന്നാവശ്യപ്പെടുന്ന ഗ്രൂപ്പുകൾ, ഇക്കാര്യത്തിൽ പാർട്ടിക്കുണ്ടായ വീഴ്ച സി.പി.എമ്മും ബി.ജെ.പിയും മുതലെടുക്കുകയാണെന്നും വിമർശിക്കുന്നു. സഭാ മേലധ്യക്ഷന്മാരുടെ ബി.ജെ.പി അനുകൂല പ്രതികരണം കോൺഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണണമെന്ന് ചാനൽ അഭിമുഖത്തിൽ കെ. മുരളീധരൻ ആവശ്യപ്പെട്ടുകഴിഞ്ഞു.
ബിഷപ്പുമാരുമായി സംസാരിച്ച് നിലപാട് തിരുത്തിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അതിന് മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. വിഷയം ചർച്ചചെയ്യാൻ രാഷ്ട്രീയകാര്യ സമിതി ഉടൻ വിളിക്കണമെന്നാവശ്യപ്പെട്ട് കെ.സി. ജോസഫ് നേതൃത്വത്തിന് കത്തുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.