കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഭരണവർഗത്തെ സമ്മർദത്തിലാക്കുന്ന വിഷയങ്ങൾ ഉയർത്തി ക്രൈസ്തവ സഭകളും സംഘടനകളും. എൽ.ഡി.എഫിനെ കൂടുതൽ സമ്മർദത്തിലാക്കുന്ന വിഷയങ്ങളാണ് അവർ ചർച്ചയാക്കുന്നത്. ലവ് ജിഹാദ് വീണ്ടും ചർച്ചയാക്കുന്നതിന് പുറമെ മറ്റ് പല വിഷയങ്ങളും ഉയർത്തുന്നുമുണ്ട്. വിശ്വാസോത്സവത്തിന്റെ പേരിൽ സമുദായാംഗങ്ങൾക്കിടയിൽ കൂടുതൽ സ്വാധീനം ചെലുത്താനുള്ള ശ്രമവും നടത്തുകയാണ്. കേരളത്തിലെ നിരവധി പ്രശ്നങ്ങൾ ഉയർത്തി ഭരണകൂടത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നിലക്കാണ് ക്രൈസ്തവ വിഭാഗങ്ങളുടെ നീക്കങ്ങൾ.
ഇതിൽ ഏറ്റവും പ്രധാനമാണ് വന്യജീവി ആക്രമണം. ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ ‘പ്രതിസ്ഥാനത്ത്’ നിർത്തിയുള്ള പ്രചാരണങ്ങളാണ് ഇതിൽ പ്രധാനം. സർക്കാറുകൾ കാര്യമായ നടപടി കൈക്കൊള്ളുന്നില്ലെന്നാണ് ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട ഉൾപ്പെടെ ജില്ലകളിലെ ക്രൈസ്തവ സഭകളുടെ പ്രധാന പരാതി. വന്യജീവി ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിസ്സംഗത വെടിയണമെന്ന ആവശ്യവുമായി കത്തോലിക്ക കോൺഗ്രസ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്നിരിക്കെ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണുണ്ടാകുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. നഷ്ടപരിഹാര വിഷയത്തിലെ സർക്കാർ വീഴ്ചയും അവർ വിഷയമാക്കുന്നുണ്ട്. നെല്ല്, നാളികേരം, റബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെയെല്ലാം വിലത്തകർച്ചയും പണം ലഭിക്കാത്ത വിഷയവുമെല്ലാം അവർ ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരങ്ങൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി റിപ്പോർട്ട് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന ആവശ്യവും അവർ മുന്നോട്ട് വെക്കുന്നു. എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച കമീഷൻ റിപ്പോർട്ട് സമർപ്പിച്ച് നാളുകൾ കുറേയായിട്ടും വിശദ ചർച്ച വേണമെന്ന നിലപാട് സ്വീകരിച്ചതാണ് ക്രൈസ്തവവിഭാഗങ്ങളെ അസംതൃപ്തരാക്കിയിട്ടുള്ളത്.
കടലോരവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്ന ആവശ്യമാണ് ലത്തീൻ കത്തോലിക്ക വിഭാഗംമുന്നോട്ടുവെക്കുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക, പുനരധിവാസം, കടൽക്ഷോഭം തുടങ്ങിയ വിഷയങ്ങളാണ് അവിടങ്ങളിൽ ഉയർത്തുന്നത്. മണിപ്പൂർ സംഭവത്തിന്റെ മുറിവ് മാഞ്ഞിട്ടില്ലെന്നും ക്രൈസ്തവ സഭകൾ വ്യക്തമാക്കുന്നു. അതിന് പുറമെയാണ് ഇടവേളക്കുശേഷം ‘ലവ് ജിഹാദ്’ വിഷയവും ക്രൈസ്തവ സഭകൾ ചർച്ചയാക്കുന്നത്. ‘കേരള സ്റ്റോറി’ സിനിമ കൂടുതൽ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് നിരവധി ക്രൈസ്തവ സഭകളും വ്യക്തമാക്കിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.