കൊച്ചി: ക്രിസ്ത്യൻ സന്യാസസഭകളിൽ കന്യാസ്ത്രീകൾക്കായി ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്ന് ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ. ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല. സഭ ഇപ്പോഴും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുകയാണെന്നും രേഖാ ശർമ പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിെൻറ ചിത്രം കലണ്ടർ തൂക്കിയത് പ്രതിയെ മഹത്വവൽക്കരിക്കുന്നതിനാണ്. കേസുമായി മുന്നോട്ടുപോകും. സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ അപമാനിച്ച പി.സി ജോർജ് എം.എൽ.എയെ രണ്ടു തവണ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ഒരു തവണ മാത്രമാണ് വിശദീകരണം തന്നത്. മാപ്പു പറയാൻ പോലും പി.സി ജോർജ് ഇതുവരെ തയാറായിട്ടില്ലെന്നും അവർ അറിയിച്ചു.
പി.കെ ശശി എം.എൽ.എക്കെതിരായ പീഡന പരാതി പൊലീസിന് കൈമാറാത്തത് വിചിത്രമായാണ് തോന്നുന്നത്. ലൈംഗികാതിക്രമണ പരാതികളിൽ പാർട്ടിയിൽ നിന്നും ആറു മാസത്തെ സസ്പെൻഷൻ മതിയായ ശിക്ഷയല്ല. പി.കെ ശശി വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസ് എടുത്തു കഴിഞ്ഞു. എന്നാൽ പരാതിക്കാരി ഹാജരാകാൻ തയാറാകുന്നില്ല. വിഷയത്തിൽ കമീഷൻ നടപടികളുമായി മുന്നോട്ട് പോകും. കേസിൽ ഡി.ജി.പിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും രേഖ ശർമ അറിയിച്ചു.
മലയാള സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സെൽ വേണമെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നു.എല്ലാ സംഘടനകളിലും പ്രാദേശിക തലം വരെ പരാതി പരിഹാരസെൽ ആരംഭിക്കണമെന്ന നിർദ്ദേശം വനിത കമീഷൻ സർക്കാരിന് നൽകും. സർക്കാരിെൻറ പല വിഭാഗങ്ങളിലും ഇപ്പോഴും ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ല. ശബരിമല യുവതീപ്രവേശം കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കാനില്ലെന്നും തെൻറ നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്നും രേഖ ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.