കോട്ടയം: ഇടതുമുന്നണിയെ ഏതുവിധേനയും ഭരണത്തിൽ നിലനിർത്താൻ കത്തോലിക്ക സഭയും കേരള കോൺഗ്രസ് എമ്മും ചേർന്നൊരുക്കിയ തിരക്കഥ അവസാന ഘട്ടത്തിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും നാൾ മാത്രം അവശേഷിക്കെ ലവ് ജിഹാദ് പ്രധാനപ്രശ്നമായി ഉയർത്തുകയാണ് സഭയും ജോസ് കെ. മാണിയും. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കപ്പെടണമെന്ന ആവശ്യം സ്വകാര്യ ചാനലിെൻറ തെരഞ്ഞെടുപ്പ് പരിപാടിക്കിെട കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി ഉന്നയിക്കുകയായിരുന്നു. ഹൈകോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിനു വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ജോസിെൻറ മറുപടി.
ഇതുവരെ കേരളത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലാരും ഉന്നയിക്കാത്ത ആവശ്യമാണ് ജോസ് കെ. മാണിയുടേത്. ഇതിെൻറ ചുവടുപിടിച്ച് ലവ് ജിഹാദ് വിഷയം ചർച്ച ചെയ്യാൻ ഇടതു മുന്നണി തയാറാകണമെന്ന ആവശ്യവുമായി കാത്തലിക് ഫോറം അടക്കം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ക്രിസ്ത്യൻ വോട്ടർമാർക്കിടയിൽ ലവ് ജിഹാദ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി മാറുകയാണ്.
കാലങ്ങളായി ഇടതുപക്ഷത്തോട് മുഖം തിരിച്ചുനിൽക്കുന്ന കത്തോലിക്ക വിശ്വാസികളെ ആകർഷിക്കാൻ ലവ് ജിഹാദും കർഷക പ്രശ്നങ്ങളും ഉയർത്തിക്കാട്ടാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ സി.പി.എം-ജോസ് കെ. മാണി-കത്തോലിക്ക സഭ സഖ്യം ലക്ഷ്യമിട്ടിരുന്നു. ഇത് സംബന്ധിച്ച പ്രചാരണങ്ങൾ നേരേത്ത തന്നെ പ്രാർഥന ഗ്രൂപ്പുകളിൽ സജീവമായിരുന്നു. അനുകൂല സമീപനം പല ബിഷപ്പുമാരും പരസ്യമായി സ്വീകരിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് നിയന്ത്രിക്കുന്നത് മുസ്ലിംലീഗ് ആണെന്നും അവിടെ നിന്നാൽ ൈക്രസ്തവർക്ക് ഗുണം കിട്ടില്ലെന്നുമുള്ള പ്രചാരണം ബോധപൂർവം നടത്താൻ വിശ്വാസികളുടെ ഗ്രൂപ്പുകൾ ശ്രദ്ധിച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങൾ മുസ്ലിം സമുദായത്തിന് മാത്രം കിട്ടാൻ ഇതാണ് കാരണമെന്ന വാദത്തിന് അന്ന് സ്വീകാര്യതയും കിട്ടി.
ഫലത്തിൽ ക്രൈസ്തവർക്കിടയിൽ മുസ്ലിം ഇതര വികാരം ശക്തിപ്പെടാനാണ് മാണി ഗ്രൂപ്പിെൻറ ഇടതുമുന്നണി പ്രവേശനവും തുടർന്നുവന്ന തദ്ദേശ തെരഞ്ഞെടുപ്പും വഴിയൊരുക്കിയത്. തൊടുപുഴയിലെ കൈവെട്ട് കേസും ഹാഗിയ സോഫിയ വിവാദവും ഉയർത്തിക്കാട്ടി ഇൗ വികാരം ആളിക്കത്തിക്കാനും ശ്രമം നടന്നു. ഇതൊക്കെ വിജയം കണ്ട സാഹചര്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടംകൊയ്യാനുള്ള അടവുകൾ ഒരുക്കിയത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 92 സീറ്റിലാണ് സി.പി.എം മത്സരിച്ചത്. 63 എണ്ണത്തിൽ വിജയിച്ചു. 27 മണ്ഡലത്തിൽ ഫലം അനുകൂലമാകാൻ കാരണം ബി.ജെ.പിക്ക് ഇവിടെ കൂടുതൽ വോട്ട് നേടാനായതാണ്. ഈ വോട്ടുകൾ കോൺഗ്രസിന് ലഭിച്ചുകൊണ്ടിരുന്നതാണ്. ഇക്കുറി കത്തോലിക്ക സഭയുടെ പിന്തുണയുള്ള ജോസ് കെ. മാണി വിഭാഗത്തെ കൂടെ നിർത്തിയാൽ യു.ഡി.എഫിന് ലഭിക്കുന്ന വോട്ടുകളിൽ കാര്യമായ കുറവുണ്ടാക്കാനാകുമെന്നും തുടർഭരണം ലഭിക്കുമെന്നുമാണ് സി.പി.എം കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.