തിരുവനന്തപുരം: ക്രൈസ്തവ വോട്ടുകളിൽ കണ്ണുവെച്ചുള്ള നീക്കങ്ങളും ഇടപെടലുകളും സജീവമാക്കുന്നതിനിടെ ഉത്തരേന്ത്യയിലെ ക്രൂരപീഡനങ്ങൾ അക്കമിട്ട് പ്രതിഷേധിച്ച് സഭാനേതൃത്വം രംഗത്തെത്തിയത് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. ദുഃഖവെള്ളി ദിനത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളെ കടുത്തഭാഷയിൽ വിമർശിച്ച് അധികാരി വർഗത്തിന്റെ നിസ്സംഗതയെ ചോദ്യംചെയ്തത്. ദേശീയ സാഹചര്യങ്ങളിൽ വിമർശനമുന്നയിച്ച് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ ഫാദർ തോമസ് തറയിലും രംഗത്തെത്തി.
മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർക്കെതിരെ അതിക്രൂര മർദനങ്ങൾ അന്ധകാര ശക്തികളിൽനിന്ന് നേരിടേണ്ടി വരുന്നുവെന്നാണ് ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ തുറന്നുപറഞ്ഞത്. ഇത്തരം അതിക്രമങ്ങൾക്കെതിരെ ഔദ്യോഗിക പക്ഷത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല. സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് കൂടി ആർച്ച് ബിഷപ് പറഞ്ഞുവെച്ചു.
തെരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കെ ഈ പരാമർശം കൃത്യമായ സൂചനയാണെന്നാണ് വിലയിരുത്തൽ. നീതിനിഷേധത്തിന്റെ പൊള്ളുന്ന പ്രതീകവും ഭരണകൂട ഭീകരതയുടെ ഇരയുമായ സ്റ്റാൻ സ്വാമിയുടെ പേര് കൂടി അടിവരയിട്ടാണ് ആർച്ച് ബിഷപ്പിന്റെ പ്രസംഗം. ബി.ജെ.പിയുടെ രണ്ട് കേന്ദ്രമന്ത്രിമാർ മത്സരിക്കുന്ന തിരുവനന്തപുരത്തും ആറ്റിങ്ങലിലും ലത്തീൻ വിഭാഗത്തിന് നിർണായക വോട്ട് വിഹിതമാണുള്ളത്. മറ്റ് പല മണ്ഡലങ്ങളിലും ലത്തീൻ സഭക്ക് സ്വാധീനമുണ്ട്.
രാജ്യത്തെ ദുർബലനായ ഒരു മനുഷ്യനെങ്കിലും ഭയത്തോടുകൂടിയാണ് ജീവിക്കുന്നതെങ്കിൽ അത് ആ രാജ്യത്തിന്റെ മുഴുവൻ പരാജയമായി കരുതണമെന്നും മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്നുമായിരുന്നു ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ ഫാദർ തോമസ് തറയിലിന്റെ വിമർശനം.
സീറോ മലബാർ സഭക്ക് സ്വാധീനമുള്ള തൃശൂരിൽ ഈ നിലപാടുകൾ പ്രതിഫലിച്ചേക്കുമോ എന്നാണ് ബി.ജെ.പിയുടെ ആശങ്ക. ആരോപണങ്ങളിൽ കൃത്യമായ മറുപടിക്ക് ബി.ജെ.പി നേതൃത്വം തയാറായിട്ടില്ല. പ്രസംഗം കേട്ടിട്ടില്ലാത്തതിനാൽ പ്രതികരിക്കാനില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണം. മുസ്ലിം തീവ്രവാദികളാണ് പ്രശ്നമുണ്ടാക്കുന്നതെന്ന വിചിത്ര മറുപടിയാണ് സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനിൽ നിന്നുണ്ടായത്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ സഭാനേതൃത്വത്തെ സന്ദർശിക്കാനും ബന്ധം സ്ഥാപിക്കാനുമുള്ള ശ്രമത്തിലായിരുന്നു ബി.ജെ.പി നേതൃത്വമെങ്കിൽ തെരഞ്ഞെടുപ്പ് ചൂട് നിറയുന്ന മറ്റൊരു ഈസ്റ്റർ കാലത്ത് സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.