തിരുവനന്തപുരം: മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയും മാധ്യമം ലേഖകനുമായ കെ.പി.എം. റിയാസിനെ തിരൂർ സർക്കിൾ ഇൻസ്പെക്ടർ ടി.പി. ഫർഷാദ് ക്രൂരമായി തല്ലിച്ചതച്ച സംഭവം അപലപനീയവും പൗരാവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളിയുമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ. പൗരാവകാശത്തെ ചവിട്ടിമെതിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും കർക്കശ ശിക്ഷ ഉറപ്പാക്കുകയും വേണമെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനും നൽകിയ നിവേദനത്തിൽ യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകൻ എന്നല്ല, സാധാരണ പൗരനുപോലും ഉണ്ടാകാൻ പാടില്ലാത്ത ദുരനുഭവമാണ് ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളാകേണ്ട പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായത്.
പുതുപ്പള്ളി കനാൽ പാലം പള്ളിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെയാണ് റിയാസിനെയും ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കൽ മുഹമ്മദ് അൻവറിനെയും തല്ലിച്ചതച്ചത്. വീടിനടുത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴായിരുന്നു പൊലീസ് അതിക്രമം. കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ പൊലീസ് സംഘം വാഹനം നിർത്തി കടയിലേക്ക് കയറുകയും സി.ഐയുടെ നേതൃത്വത്തിൽ റിയാസിനെ അടിക്കുകയുമായിരുന്നു.
സി.െഎക്കെതിരെ നടപടിയെടുക്കണം -മാധ്യമം ജേർണലിസ്റ്റ് യൂണിയൻ
കോഴിക്കോട്: മാധ്യമം സ്റ്റാഫ് റിപ്പോർട്ടറും മലപ്പുറം പ്രസ്ക്ലബ്ബ് സെക്രട്ടറിയുമായ കെ.പി.എം റിയാസിനെ മർദിച്ച തിരൂർ സി.െഎ. ടി.പി. ഫർഷാദിനെതിരെ നടപടിയെടുക്കണമെന്ന് മാധ്യമം ജേർണലിസ്റ്റ് യൂണിയൻ (എം.ജെ.യു) ആവശ്യപ്പെട്ടു. കടയിൽ സാധനം വാങ്ങാനെത്തിയ റിയാസിനെ മർദ്ദിച്ചതിനു പുറമെ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ കള്ളക്കേസുമെടുത്തിരിക്കുകയാണ്.
നിയമപരിരക്ഷ ഉറപ്പുവരുത്തേണ്ട പോലീസ് അന്യായമായി ജനങ്ങളെ തെരുവിൽ തല്ലുന്നതും വ്യാജകേസ് ചമക്കുന്നതും നീതിന്യായ വ്യവസ്ഥയുടെ ലംഘനമാണ്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രിയും പോലീസ് മേധാവിയും തയാറാകണമെന്നും എം.ജെ.യു പ്രസിഡൻറ് കെ.എ. സൈഫുദ്ദീനും സെക്രട്ടറി പി.പി. ജുനൂബും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.