മലപ്പുറം: എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജനങ്ങൾക്ക് സേവനങ്ങൾ, വിവരങ്ങൾ, സഹായങ്ങൾ ലഭ്യമാക്കുന്നതിന് ‘ഒപ്പമുണ്ട് ഉറപ്പാണ്’ എന്ന പേരിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കും. ജനുവരി 10നകം കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.
ഗ്രാമപഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫിസിനോട് ചേർന്നാണ് ഇവ പ്രവർത്തിക്കുക. ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ കൂടാതെ വിവിധ വകുപ്പുകളിൽനിന്നും ഏജൻസികളിൽനിന്നും ലഭിക്കുന്ന എല്ലാ കാര്യങ്ങളും കേന്ദ്രത്തിൽനിന്ന് ജനങ്ങൾക്ക് നൽകണം. കുടുംബശ്രീ ഹെൽപ് ഡെസ്കുകളുള്ള ഗ്രാമപഞ്ചായത്തുകളിൽ ഈ സംവിധാനം ഉപയോഗപ്പെടുത്തണം. അല്ലാത്ത ഇടങ്ങളിൽ സംവിധാനം വരുന്നതുവരെ ടെക്നിക്കൽ അസിസ്റ്റന്റിനെ പ്രയോജനപ്പെടുത്താം. ടെക്നിക്കൽ അസിസ്റ്റന്റ് ഇല്ലാത്ത സ്ഥലങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനത്തിന് ദിവസവേതനാടിസ്ഥാനത്തിൽ എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവരെ നിയമിക്കാം.
കേന്ദ്രത്തിന്റെ മുഴുസമയ പ്രവർത്തനത്തിന് വളന്റിയർമാരെ നിയോഗിക്കാം. സംരംഭക സഹായ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ നിയമിച്ച ഇന്റേണുകളെയും ഉപയോഗിക്കാം. കേന്ദ്രത്തിൽ നിയോഗിക്കപ്പെടുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ മുഖേന നൽകുന്ന സേവനങ്ങളെക്കുറിച്ച് അറിവ് വേണം. എല്ലാ വകുപ്പുകളും ഏജൻസികളും പൊതുജനങ്ങൾ അറിയേണ്ട വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുമ്പോൾ ആ വിവരങ്ങൾ ഫെസിലിറ്റേഷൻ കേന്ദ്രത്തിലേക്ക് ഇ-മെയിൽ അയച്ച് നൽകണം. ഇതിനായി സംസ്ഥാനത്ത് മോണിറ്ററിങ് യൂനിറ്റ് മേൽനോട്ടം വഹിക്കണമെന്നും നിർദേശിക്കുന്നു. സർക്കാറിന്റെയും വിവിധ വകുപ്പുകളുടെയും സേവനങ്ങളുടെ കൈപ്പുസ്തകം ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ സൂക്ഷിക്കണം. ‘കില’യുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക പരിശീലനവും കൈപ്പുസ്തകവും തയാറാക്കി നൽകാനും ഉത്തരവിലുണ്ട്. ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നവർ ‘ഒപ്പമുണ്ട് ഉറപ്പാണ്’ എന്ന ടാഗ് ലൈൻ എഴുതിയ തദ്ദേശ സ്ഥാപനത്തിന്റെ ലോഗോ പതിച്ച നീല ജാക്കറ്റ് ധരിക്കണം. ജാക്കറ്റിനുള്ള തുക തദ്ദേശ സ്ഥാപനങ്ങൾ നൽകണം. ഫെസിലിറ്റേഷൻ കേന്ദ്രം തിരിച്ചറിയാൻ പ്രത്യേക ബോർഡും ‘ഒപ്പമുണ്ട് ഉറപ്പാണ്’ എന്ന ടാഗ് ലൈനും വെക്കണം. ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ മാതൃകയിൽ ഗ്രാമപഞ്ചായത്തുകൾക്ക് വാർഡ് തലങ്ങളിൽ ഗ്രാമകേന്ദ്രങ്ങൾ ആരംഭിക്കാമെന്നും ഉത്തരവിലുണ്ട്. ഭാവിയിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററിനെ സമ്പൂർണ വിവരവിനിമയ സഹായ കേന്ദ്രമാക്കി മാറ്റാമെന്നാണ് തദ്ദേശ വകുപ്പ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.