ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. സുപ്രീംകോടതി തന്നെ ഈ നിയമം എടുത്തുകളയുമെന്നാണ് താൻ വിശ്വസിക്കുന്നത്. ഈ തെരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്‍റെ അന്ത്യമായിരിക്കണമെന്നും എ.കെ. ആന്‍റണി പറഞ്ഞു.
പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല. ഇന്ത്യ എന്നാൽ ഈ മണ്ണിൽ ജനിച്ച എല്ലാവരുടേയും കൂടിയാണ്. അങ്ങനെയൊരു ഭരണഘടന ഉണ്ടാക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ഭരണഘടന നിർമാണസമിതിയാണ്.
മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള പൗരത്വത്തെ എതിർക്കാൻ കോൺഗ്രസ് ഏതറ്റംവരെയും പോകും. ഭരണഘടനയുടെ അടിസ്ഥാനത്തെ തന്നെ ചോദ്യംചെയ്യുന്ന ഈ നിയമം സുപ്രീംകോടതി തന്നെ അംഗീകരിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ നിയമം ചവറ്റുകൊട്ടയിലെറിയും.
മകൻ അനിൽ കെ. ആന്‍റണി മത്സരിക്കുന്ന പത്തനംതിട്ടയിൽ പ്രചാരണത്തിന് പോകുമോയെന്ന ചോദ്യത്തിന് തന്‍റെ ആരോഗ്യസ്ഥിതി അനുസരിച്ചാകും പ്രചാരണത്തിന് പോകുകയെന്ന് ആന്‍റണി മറുപടി നൽകി. തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനം കേന്ദ്രീകരിച്ചാവും തന്‍റെ പ്രവർത്തനമെന്നും ആന്‍റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.