തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം തെരഞ്ഞെടുപ്പ് കളത്തിൽ തിളച്ചുതുടങ്ങിയതോടെ, പ്രക്ഷോഭകാലത്തെ കേസുകൾ ആയുധമാക്കി സർക്കാറിനെയും സി.പി.എമ്മിനെയും നേരിടാൻ കോൺഗ്രസ്. പത്മജ വേണുഗോപാലിന്റെ കളംമാറ്റവും അനുബന്ധ രാഷ്ട്രീയ സാഹചര്യങ്ങളും മുൻനിർത്തി കോൺഗ്രസിനുനേരെ മുഖ്യമന്ത്രി തുടങ്ങിവെച്ച ബി.ജെ.പി ചാപ്പക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് യു.ഡി.എഫ് നീക്കം.
പൗരത്വ പ്രക്ഷോഭകാലത്തെ 835 കേസുകളിൽ 700 ഓളം പിൻവലിക്കാത്തത് എന്തുകൊണ്ടെന്നതിന് മുഖ്യമന്ത്രി ഉത്തരം പറയണമെന്നും പൗരത്വ നിയമമുണ്ടാക്കിയ സംഘ്പരിവാറിന്റെ കൂടെയാണോ സംസ്ഥാന സർക്കാറെന്നും ചോദ്യമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ രംഗത്തെത്തി. കേന്ദ്രത്തിനൊപ്പം ജനകീയ സമരങ്ങളെ കേസെടുത്ത് നേരിട്ട ഇടതുസർക്കാറിനെ കൂടി പ്രതിക്കൂട്ടിൽ നിർത്തിയാണ് പ്രതിപക്ഷ പ്രക്ഷോഭം. കെ.പി.സി.സി നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചും ഇതിന് അടിവരയിടുന്നു. കേസുകൾ പിൻവലിക്കാത്തതിന് കൃത്യമായ വിശദീകരണമില്ലാത്തതും പ്രതിപക്ഷത്തിന് ആയുധമാകുന്നു.
സംയുക്ത പ്രക്ഷോഭത്തിന് സി.പി.എം ക്ഷണിച്ചെങ്കിലും രണ്ടുവട്ടം ആലോചിക്കാതെ തന്നെ യു.ഡി.എഫ് ഇല്ലെന്ന് മറുപടി നൽകിയതിനും കാരണം മറ്റൊന്നല്ല. ഒരേ സമയം പൗരത്വനിയമത്തിനെതിരെ സംസാരിക്കുകയും പൗരത്വസമരങ്ങളിൽ പങ്കെടുത്തവരെ കേസിൽ കുടുക്കുകയുമാണ് ഇടതുസർക്കാറെന്ന് തുറന്നുകാട്ടുകയാണ് ലക്ഷ്യം. ഒന്നിച്ച് സമരത്തിന് ക്ഷണിക്കുന്നതുതന്നെ സർക്കാറിനെതിരായ പ്രതിഷേധങ്ങൾ തണുപ്പിക്കുന്നതിനുള്ള കുതന്ത്രമാണെന്ന് കോൺഗ്രസ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.