തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകുന്നതിൽ ഗതാഗതമന്ത്രി ആന്‍റണി രാജുവിനെതിരെ ആഞ്ഞടിച്ച് സി.ഐ.ടി.യു. ട്രാൻസ്പോർട്ട് തൊഴിലാളികളടക്കം നടത്തിയ സമരത്തിന്‍റെ ഭാഗമായാണ് ആന്‍റണി രാജുവിന് കുറച്ച് കാലത്തേക്കെങ്കിലും കിട്ടിയ മന്ത്രിപ്പണിയെന്ന കാര്യം ഓർമവേണമെന്ന് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി വി. ശാന്തകുമാർ പറഞ്ഞു.
ആനപ്പുറത്ത് കയറിയാൽ പിന്നെ പട്ടിയെ പേടിക്കണ്ട എന്ന പോലെ മന്ത്രിപ്പണി കിട്ടിയാൽ ഇത് ആജീവനാന്തമാണെന്ന വ്യാമോഹത്തോടെയും അഹങ്കാരത്തോടെയും തൊഴിലാളികളുടെ നെഞ്ചത്ത് കയറാൻ വന്നാൽ വകവെച്ച് കൊടുക്കില്ല. ആൻറണി രാജുവിന് ചിലപ്പോൾ സമരത്തെ പുച്ഛമായിരിക്കും. ശമ്പളവിതരണം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം മന്ത്രിക്കാണ്. ഒരുമാസത്തെ ശമ്പളം ആഘോഷവേളയിൽ പോലും നൽകിയിട്ടില്ല. മന്ത്രി ഇടപെടുന്നില്ല. സമരം ചെയ്താൽ ശമ്പളം കിട്ടുമോ എന്ന അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലെ വാദം ഏറെ വേദനയുണ്ടാക്കി. സമരം മാറ്റിവെക്കാൻ കഴിയുന്നതല്ല. മാനേജ്മെന്‍റിന്‍റെ കൈയിൽ നിൽക്കുന്നില്ലെങ്കിൽ സർക്കാർ ഇടപെടണമെന്നും ശാന്തകുമാർ ആവശ്യപ്പെട്ടു.
ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ആരംഭിച്ച റിലേ സത്യഗ്രഹം നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. സി.ഐ.ടി.യുവിന് പിന്നാലെ എ.ഐ.ടി.യു.സി കൂടി പ്രക്ഷോഭമാരംഭിച്ചതോടെ കെ.എസ്.ആർ.ടി.സിയിലെ ഭരണാനൂകൂല സംഘടനകളെല്ലാം പ്രത്യക്ഷ സമരത്തിലാണ്. ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി നേതൃത്വത്തിൽ സെൻട്രൽ ബസ് സ്റ്റേഷനിലാണ് അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്. പണിയെടുത്തവർ ശമ്പളം ചോദിച്ചാൽ, കിട്ടിയാൽ തരാമെന്ന് പറയാൻ മാത്രമായി ഗതാഗത മന്ത്രിയും സി.എം.ഡിയും വേണ്ടതില്ലെന്ന് ജനറൽ സെക്രട്ടറി എം.ജി. രാഹുൽ പറഞ്ഞു.
അപ്രായോഗികമായ ഉട്ടോപ്യൻ പരിഷ്കരണങ്ങൾ നടപ്പാക്കിയതിന്‍റെ ദുരന്തമാണ് ഇന്നു കാണുന്ന പ്രതിസന്ധി. ഇതിന് അനുവദിച്ച സർക്കാറും നടപ്പാക്കിയ മാനേജ്മെന്‍റും ഒരുപോലെ പ്രതികളാണെന്നും അദ്ദേഹം ആരോപിച്ചു. 28ന് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് സംഘടനകൾ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകൾക്കെതിരെ സമരം നയിച്ച് സി.ഐ.ടി.യു; സർക്കാർ സമ്മർദത്തിൽ
തിരുവനന്തപുരം: ഘടകകക്ഷി മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകൾക്ക് കീഴിലെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിൽ സി.ഐ.ടി.യു തന്നെ സമരം നയിച്ച് രംഗത്തെത്തിയത് സർക്കാറിനെ സമ്മർദത്തിലാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുമെന്ന പാർട്ടി നയരേഖയുമായി രംഗത്തുള്ള സി.പി.എമ്മിന് അവരുടെ ട്രേഡ് യൂനിയന്‍റെ നിലപാട് കനത്ത തിരിച്ചടിയാണ്.
ഘടകകക്ഷി മന്ത്രിമാർ ഭരിക്കുന്ന കെ.എസ്.ഇ.ബിയിലും കെ.എസ്.ആർ.ടി.സിയിലും വാട്ടർ അതോറിറ്റിയിലും പ്രക്ഷോഭത്തിന്‍റെ മുൻനിരയിൽ സി.പി.എം യൂനിയനുകളാണുള്ളത്. കാര്യമായ ഇടപെടൽ നടത്താതെ മുഖ്യമന്ത്രി മാറിനിൽക്കുന്നത് യൂനിയനുകൾക്ക് പരോക്ഷ പിന്തുണയാവുകയാണ്.
കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ വൈദ്യുതി ഭവൻ വളയുന്നതുൾപ്പെടെ നടപടിയുമായി മുന്നോട്ട് പോകുമ്പോൾ കെ.എസ്.ആർ.ടി.സിയിൽ ഏപ്രിൽ 28ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സി.ഐ.ടി.യു അടക്കം തൊഴിലാളി സംഘടനകൾ. യൂനിയനുകളുടെ അമിത ഇടപടലുകൾക്കെതിരെ സി.പി.എം നയരേഖ അവതരിപ്പിച്ചിരിക്കെയാണ് സ്ഥാപനങ്ങളെ സ്തംഭിപ്പിക്കുംവിധമുള്ള പ്രതിഷേധത്തിന് സി.പി.എം അനുകൂല സംഘടന പിന്തുണ നൽകുന്നത്.
കെ.എസ്.ഇ.ബിയിലെ പ്രബലരായ സി.ഐ.ടി.യു നേതാക്കൾക്കെതിരായ മന്ത്രിയുെടയും ചെയർമാന്‍റെയും ശക്തമായ നിലപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന സംശയവും ശക്തമാണ്. എന്നാൽ പ്രശ്നത്തിൽ ഇടപെട്ടില്ലെന്ന് യൂനിയനുകൾക്ക് തോന്നാതിരിക്കാനാണ് തിങ്കളാഴ്ച യോഗം വിളിക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് സി.പി.എം നേതൃത്വം നിർദേശം നൽകിയതെന്നും വ്യക്തം.
കെ.എസ്.ഇ.ബിെയക്കാൾ ആശങ്കയുണ്ടാക്കുന്നതാണ് കെ.എസ്.ആർ.ടി.സിയിലെ അവസ്ഥ. മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷമായ വിമർശനമാണ് സി.ഐ.ടി.യു ഉൾപ്പെടെ തൊഴിലാളി സംഘടനാ നേതാക്കൾ ഉന്നയിക്കുന്നത്.
ജീവനക്കാർക്കായി നിലകൊള്ളുന്ന സർക്കാർ എന്ന് അവകാശപ്പെടുമ്പോഴും വിഷു-ഈസ്റ്റർ നാളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാനാകാത്തത് സർക്കാറിന് നാണക്കേടായി. ശമ്പളപ്രതിസന്ധിക്ക് പുറമെ പരിഷ്കാരങ്ങൾക്കെതിരെയും സി.ഐ.ടി.യു രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.