കൽപറ്റ: താൻ കാർ വാങ്ങിയത് കൃഷിയിൽനിന്നുള്ള ആദായം കൊണ്ടാണെന്നും ഇത്തരം വിവാദങ്ങൾക്ക് താൻ പുല്ലുവിലയാണ് നൽകുന്നതെന്നും സി.കെ. ജാനു പറഞ്ഞു. കാർ വാങ്ങിയത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.
പൊതുപ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. വിദേശപണം കൈപ്പറ്റിയാണ് താൻ ജീവിക്കുന്നതെന്നും മറ്റുമാണ് പറഞ്ഞിരുന്നത്. കാർ വാങ്ങിയത് തോട്ടത്തിൽനിന്ന് ലഭിച്ച ആറു കിൻറ്വൽ കുരുമുളക് വിറ്റാണ്. 800 രൂപ വിലക്കാണ് കുരുമുളക് വിറ്റത്. നാലുലക്ഷം രൂപയാണ് കിട്ടിയത്. ബാക്കി അഞ്ചുലക്ഷം രൂപ വായ്പയെടുത്തുമാണ് കാർ വാങ്ങിയത്. കുരുമുളക് മാത്രമല്ല, പാട്ടത്തിന് നെല്ലും വാഴയും ഇഞ്ചിയും കൃഷി ചെയ്യുന്നുണ്ടെന്ന് ജാനു പറഞ്ഞു. കൃഷിയിൽനിന്നുള്ള വരുമാനം കൊണ്ടാണ് വീടുണ്ടാക്കിയതും.
തന്നെ നശിപ്പിക്കാനുള്ള ചിലരുടെ വ്യാമോഹമാണ് ഇപ്പോഴുള്ള പ്രചാരണത്തിനു പിന്നിൽ. ഇടതു--വലതു മുന്നണികളെ മടുത്തതുകൊണ്ടാണ് ജനം എൻ.ഡി.എയെ വളർത്തുന്നത്. ജനവിരുദ്ധ പ്രവർത്തനം മതിയാക്കി, രാഷ്ട്രീയമായി കാര്യങ്ങൾ മനസ്സിലാക്കാൻ ഇരുമുന്നണികളും തയാറാകുന്നില്ല. കർഷക ആത്മഹത്യക്കു കാരണമെന്താണെന്ന് തനിക്കറിയില്ലെന്നും കർഷകയാണെങ്കിലും തനിക്ക് അത്തരം അവസ്ഥ ഉണ്ടായിട്ടില്ലെന്നും ജാനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.