വിഴിഞ്ഞം തുറമുഖം: എതിർക്കുന്നവരും അനുകൂലിക്കുന്നവരും നേർക്കുനേർ, സംഘർഷാവസ്ഥ

വിഴിഞ്ഞം: തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം സംഘർഷഭൂമിയായി. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും വീടുകൾക്ക്​ നേരെ ആക്രമണവുമുണ്ടായി. നിരവധി പേർക്ക്​ പരിക്കേറ്റു. നിർമാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. എതിർപ്പ് ശക്തമായതോടെ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാനാകാതെ മടങ്ങി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. വിഴിഞ്ഞത്ത്​ നിർമാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു.

തുറമുഖ നിർമാണത്തിന് കല്ലുമായി എത്തുന്ന ലോറികൾ തടയില്ലെന്ന് ലത്തീൻ അതിരൂപത ഹൈകോടതിയെ അറിയിച്ച് പിറ്റേദിവസമാണ്​ ലോറികൾ സമരക്കാർ തടഞ്ഞത്​. രാവിലെ 10ഓടെ 20 ലോറികളാണ്​ മുല്ലൂരിൽ എത്തിയത്. ലത്തീൻ അതിരൂപതയുടെ സമരപ്പന്തലിന് മുന്നിൽ വെച്ച്​ സമരക്കാർ ലോറികൾ തടഞ്ഞു. ഇതിനെതിരെ സമീപത്ത് സമരത്തിൽ ഏർപ്പെട്ടിരുന്ന ജനകീയ സമിതി പ്രവർത്തകർ തിരിഞ്ഞതോടെയാണ്​ സംഘർഷാവസ്ഥ ഉടലെടുത്തത്​. പിന്നീട്​ ഇരുചേരികളായി തിരിഞ്ഞുള്ള അക്രമങ്ങളും നടന്നു.

ഇടവകകളിൽനിന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ച് പൂവാർ, അടിമലത്തുറ, വിഴിഞ്ഞം മേഖലകളിൽനിന്ന് നിമിഷനേരംകൊണ്ട് മത്സ്യത്തൊഴിലാളികൾ സ്ഥലത്തേക്ക് പാഞ്ഞെത്തി. ലോറികൾക്കു നേരെ ആക്രമണം തുടങ്ങിയതോടെ പൊലീസ്​ ഇട​പെട്ട്​ ലോറികൾ തിരിച്ചയച്ചു. ഇതോടെ ജനകീയ സമരസമിതിയുടെ സമരപ്പന്തൽ പൊളിക്കാൻ ശ്രമം നടന്നു. പൊലീസ് ഇതു ചെറുക്കുന്നതിനിടെ ജനകീയ സമിതി പന്തലിന് സമീപത്തു​നിന്ന് ലത്തീൻ അതിരൂപത സമരക്കാർക്ക് നേരെ കല്ലേറുണ്ടായി. ഇതോടെ കൂടുതൽ പ്രവർത്തകർ തടിച്ചുകൂടി പരസ്പരം കനത്ത കല്ലേറുണ്ടാകുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്കും ഇരുവിഭാഗം സമരക്കാർക്കും പരി​ക്കേറ്റു.

പല സ്ഥലങ്ങളിൽനിന്നും സമരക്കാർ ഇരച്ചെത്തി വീടുകൾ കയറി ജനകീയ സമിതി പ്രവർത്തകരെ മർദിച്ചതായും ജനൽ ചില്ലുകൾ തകർത്തതായും നാട്ടുകാർ പറയുന്നു. ഏറെ പണിപ്പെട്ടാണ്​ പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. സംഘർഷ സാധ്യതയുണ്ടെനന ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അത് തടയാൻ ആവശ്യത്തിന്​ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്​. ഡെപ്യൂട്ടി കമീഷണർ അജിത്തിന്‍റെ നേതൃത്വത്തിൽ നാനൂറോളം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരുന്നത്. സബ് കലക്ടർ ഡോ. ഐശ്വര്യ ശ്രീനിവാസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Tags:    
News Summary - clash at Vizhinjam port site with protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.