വിഴിഞ്ഞം തുറമുഖം: എതിർക്കുന്നവരും അനുകൂലിക്കുന്നവരും നേർക്കുനേർ, സംഘർഷാവസ്ഥ
text_fieldsവിഴിഞ്ഞം: തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം സംഘർഷഭൂമിയായി. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും വീടുകൾക്ക് നേരെ ആക്രമണവുമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു. നിർമാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. എതിർപ്പ് ശക്തമായതോടെ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാനാകാതെ മടങ്ങി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. വിഴിഞ്ഞത്ത് നിർമാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു.
തുറമുഖ നിർമാണത്തിന് കല്ലുമായി എത്തുന്ന ലോറികൾ തടയില്ലെന്ന് ലത്തീൻ അതിരൂപത ഹൈകോടതിയെ അറിയിച്ച് പിറ്റേദിവസമാണ് ലോറികൾ സമരക്കാർ തടഞ്ഞത്. രാവിലെ 10ഓടെ 20 ലോറികളാണ് മുല്ലൂരിൽ എത്തിയത്. ലത്തീൻ അതിരൂപതയുടെ സമരപ്പന്തലിന് മുന്നിൽ വെച്ച് സമരക്കാർ ലോറികൾ തടഞ്ഞു. ഇതിനെതിരെ സമീപത്ത് സമരത്തിൽ ഏർപ്പെട്ടിരുന്ന ജനകീയ സമിതി പ്രവർത്തകർ തിരിഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പിന്നീട് ഇരുചേരികളായി തിരിഞ്ഞുള്ള അക്രമങ്ങളും നടന്നു.
ഇടവകകളിൽനിന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ച് പൂവാർ, അടിമലത്തുറ, വിഴിഞ്ഞം മേഖലകളിൽനിന്ന് നിമിഷനേരംകൊണ്ട് മത്സ്യത്തൊഴിലാളികൾ സ്ഥലത്തേക്ക് പാഞ്ഞെത്തി. ലോറികൾക്കു നേരെ ആക്രമണം തുടങ്ങിയതോടെ പൊലീസ് ഇടപെട്ട് ലോറികൾ തിരിച്ചയച്ചു. ഇതോടെ ജനകീയ സമരസമിതിയുടെ സമരപ്പന്തൽ പൊളിക്കാൻ ശ്രമം നടന്നു. പൊലീസ് ഇതു ചെറുക്കുന്നതിനിടെ ജനകീയ സമിതി പന്തലിന് സമീപത്തുനിന്ന് ലത്തീൻ അതിരൂപത സമരക്കാർക്ക് നേരെ കല്ലേറുണ്ടായി. ഇതോടെ കൂടുതൽ പ്രവർത്തകർ തടിച്ചുകൂടി പരസ്പരം കനത്ത കല്ലേറുണ്ടാകുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്കും ഇരുവിഭാഗം സമരക്കാർക്കും പരിക്കേറ്റു.
പല സ്ഥലങ്ങളിൽനിന്നും സമരക്കാർ ഇരച്ചെത്തി വീടുകൾ കയറി ജനകീയ സമിതി പ്രവർത്തകരെ മർദിച്ചതായും ജനൽ ചില്ലുകൾ തകർത്തതായും നാട്ടുകാർ പറയുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. സംഘർഷ സാധ്യതയുണ്ടെനന ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അത് തടയാൻ ആവശ്യത്തിന് പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഡെപ്യൂട്ടി കമീഷണർ അജിത്തിന്‍റെ നേതൃത്വത്തിൽ നാനൂറോളം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരുന്നത്. സബ് കലക്ടർ ഡോ. ഐശ്വര്യ ശ്രീനിവാസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.