അങ്കമാലി: നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ സ്വതന്ത്ര കൗണ്‍സില്‍ അംഗം വില്‍സണ്‍ മുണ്ടാടനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. ഏറെ ബഹളത്തിന് ശേഷം മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തിമാക്കിയത്.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം വൈസ് ചെയര്‍പെഴ്സന്‍റെ സത്യപ്രതിജ്ഞക്ക് ശേഷം അനുമോദന പ്രസംഗത്തിനിടെ വളവഴി ഒന്‍പതാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര അംഗം വില്‍സണ്‍ മുണ്ടാടന്‍ ചില കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെയും നേതാക്കളെയും പേരെടുത്ത് പറയാതെ ആക്ഷേപിക്കുകയുണ്ടായി. വൈകാരികമായിരുന്നു പ്രസംഗം. കൗണ്‍സില്‍ ഹാളിന് പുറത്തുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ ഇത് ചോദ്യം ചെയ്തു. ഇതോടെയാണ് വാക്കേറ്റവും കൈയ്യാങ്കളിയുമായത്.
രാവിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന പ്രസംഗത്തിനിടയിലും വില്‍സണ്‍ നേതാക്കളെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെയും അവഹേളിക്കുകയുണ്ടായി. എന്നാല്‍ തുടര്‍ന്ന് സംസാരിച്ച ഡി.സി.സി സെക്രട്ടറിയും നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വീനറുമായ മാത്യു തോമസ് ഇതിനെ നിശിതമായി വിമര്‍ശിച്ചു. യു.ഡി.എഫ് ഭരണം അട്ടിമറിക്കാന്‍ നോക്കിയാല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. മാത്യു തോമസിന്‍റെ പ്രസംഗത്തെ കയ്യടിച്ചും മുദ്രാവാക്യം മുഴക്കിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിനന്ദിച്ചെങ്കിലും പ്രശ്നമുണ്ടാക്കിയില്ല.
ഉച്ചക്ക് ശേഷവും വില്‍സന്‍റെ ആക്ഷേപം തുടര്‍ന്നതോടെയാണ് ബഹളമുണ്ടായത്. 'എടാ, പോടാ' വിളികളുമായി രംഗം കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഇരുകൂട്ടരെയും ശാന്തമാക്കിയത്. അതേ സമയം ചെറിയ വാക്കേറ്റമാണുണ്ടായതെന്നും അത് അവിടെ അവസാനിച്ചതായും മറ്റ് പരാതികള്‍ ഇല്ലെന്നും വില്‍സണ്‍ മുണ്ടാടന്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.