തിരുവനന്തപുരം: കോർപറേഷനിൽ കൗൺസിൽ യോഗത്തെ തുടർന്ന് നടന്ന കൈയേറ്റത്തിൽ നിലത്തുവീണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന മേയർ വി.കെ. പ്രശാന്തിനെ ഞായറാഴ്ച പ്രത്യേക മുറിയിലേക്ക് മാറ്റി. മേയറുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മേയറുടെ പരാതിയിൽ 20 ബി.ജെ.പി കൗൺസിലർമാർ ഉൾപ്പെടെ 27പേർക്കെതിരെ വധശ്രമത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം, കോർപറേഷനിലെ ബി.ജെ.പി നേതാവ് ഗിരികുമാറിെൻറ പരാതിയിൽ മേയർ ഉൾപ്പെടെ ആറ് കൗൺസിലർമാർക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു. സംഭവത്തിൽ ഉത്തരവാദികളായ ബി.ജെ.പി കൗൺസിലർമാർക്കെതിരെ കോർപറേഷൻ ഭരണസമിതിയും നടപടി സ്വീകരിക്കും.
അനിഷ്ട സംഭവങ്ങൾക്ക് ശേഷവും ആരോപണ പ്രത്യാരോപണങ്ങളുമായി സി.പി.എമ്മും ബി.ജെ.പിയും കൊമ്പുകോർത്തു. മേയറെ അക്രമിച്ച ബി.ജെ.പി നിലപാടിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഞായറാഴ്ച രംഗെത്തത്തി. ആസൂത്രിത നീക്കമെന്നുപറഞ്ഞ മുഖ്യമന്ത്രി അക്രമികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ആർ.എസ്.എസ് നടത്തിയ ഗൂഢനീക്കമാണ് മേയർക്കെയിരായ ആക്രമണമെന്ന് കോടിയേരി ആരോപിച്ചു. മേയറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളക്കളികൾക്കെതിരെ ജില്ലയിൽ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്. സുരേഷ് അറിയിച്ചു. മേയറും സി.പി.എം കൗൺസിലർമാരും ചേർന്ന് ഗിരികുമാറിനെയും ബി.ജെ.പി വനിത കൗൺസിലർമാരെയും ആക്രമിക്കുകയായിരുന്നു.
ഒരു പരിക്കുമേൽക്കാതെ ചികിത്സയിൽ കഴിയുന്ന മേയറെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരെ കൊണ്ട് വിദഗ്ധ പരിശോധന നടത്തണമെന്നും സുരേഷ് വാർത്തസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ കഴിഞ്ഞിരുന്ന മേയറെ ഞായറാഴ്ച രാവിലെയാണ് പ്രത്യേക മുറിയിലേക്ക് മാറ്റിയത്. വലതുകാലിന് പ്ലാസ്റ്റർ ഇട്ട മേയർക്ക് ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ ചതവുണ്ട്. കഴുത്തിനും ക്ഷതമേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന മേയറെ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എം. സുധീരൻ, സി. ദിവാകരൻ എം.എൽ.എ, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജില്ല സെക്രട്ടറി ജി.ആർ. അനിൽ, എം. വിജയകുമാർ, സി.പി. നാരായണൻ എം.പി എന്നിവർ സന്ദർശിച്ചു. ബി.ജെ.പി നേതാവ് ഗിരികുമാറും രണ്ട് വനിത കൗൺസിലർമാരും ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.