മൂന്നാർ: ദേവികുളത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ പൊലീസുകാരനും കൂടെയുണ്ടായിരുന്ന മൂന്നുപേർക്കും കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തിൽ ആകെ എട്ടുപേർക്കാണ് പരിക്ക്. പൊലീസുകാരനും കൂട്ടാളികളും ടൈൽ ജോലിക്കെത്തിയവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ദേവികുളം സ്റ്റേഷനിലെ പൊലീസുകാരൻ സജുസൺ സാമുവൽ (27), സുഹൃത്തുക്കളായ സുജി (25), വർക്കി (27), അലക്സ് (27) എന്നിവർക്കും ആലപ്പുഴ സ്വദേശികളും ടൈൽസ് ജോലിക്കാരുമായ ജിബിൻ ജോസഫ് (32), ജിത്തു (30), ബിബിൻ (25), ജോമോൻ (32) എന്നിവർക്കുമാണ് പരിക്ക്.
ഗുരുതര പരിക്കേറ്റ പൊലീസുകാരനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരെ മൂന്നാർ ജനറൽ ആശുപത്രിയിലും ടൈൽ ജോലിക്കാരെ കോതമംഗലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട മദ്യശാലകൾ തുറന്നത് ആഘോഷിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഇരുസംഘവും ദേവികുളത്ത് തൊട്ടടുത്ത കോട്ടേജുകളിലിരുന്ന് മദ്യപിക്കുന്നതിനിടെ വാക്തർക്കമുണ്ടാകുകയും മർദനമേറ്റ ടൈൽ ജോലിക്കാർ ആക്രമിക്കുകയുമായിരുന്നെന്നാണ് സൂചന. ദേവികുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.