തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ തിങ്കളാഴ്ച മുതൽ പൂർണസമയ അധ്യയനം. കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന സമിതി യോഗം അനുമതി പ്രകാരമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. നിലവിൽ ഈ ക്ലാസുകൾക്ക് രാവിലെ മുതൽ ഉച്ചവരെയാണ് ക്ലാസ്.
ക്ലാസുകൾ വൈകീട്ടുവരെയാക്കുമെങ്കിലും സ്കൂൾതല മാർഗരേഖ പ്രകാരം നിലവിലുള്ള രീതിയിൽ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ക്ലാസുകൾ. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ അടുത്ത ഒരാഴ്ചകൂടി ഓൺലൈനിൽ തുടരും. ഇവർക്ക് ഈ മാസം 14 മുതലാണ് സ്കൂളിലെത്തി അധ്യയനം തുടങ്ങുക. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനസമിതി യോഗം പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ വൈകീട്ടുവരെയാക്കാൻ അനുമതി നൽകിയിരുന്നു. ഇതുപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
പൊതുപരീക്ഷയെഴുതുന്ന വിദ്യാർഥികൾ എന്ന നിലയിൽ പാഠഭാഗങ്ങൾ പരീക്ഷക്ക് മുമ്പ് തീർക്കാൻ ലക്ഷ്യമിട്ടാണ് വൈകീട്ടുവരെ ക്ലാസ് നടത്താനുള്ള തീരുമാനം. നവംബർ ഒന്നിന് തുറന്ന സ്കൂളുകൾ ബാച്ചുകളായി ഉച്ചവരെയാണ് അധ്യയനം നടത്തിയിരുന്നത്. കോവിഡ് രൂക്ഷമായതോടെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ജനുവരി 21 മുതൽ അടയ്ക്കുകയും ഓൺലൈൻ അധ്യയനം തുടരുകയും ചെയ്യുകയായിരുന്നു. ഇവർക്ക് 14 മുതൽ നേരത്തേയുള്ളത് പ്രകാരം ഉച്ചവരെ ക്ലാസുകൾ നടത്താനാണ് ധാരണ. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.