തിരുവനന്തപുരം: ഈ മാസം 28ന് തുലാവര്‍ഷം കേരളത്തിലെത്താനിരിക്കെ ഇനിയുള്ള മൂന്നു ദിവസം കേരളത്തില്‍ മഴ കുറയും. മിക്ക ജില്ലകളിലും വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടു മുതല്‍ കിഴക്കന്‍ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെങ്കിലും ബുധനാഴ്ചക്ക് ശേഷമാകും വ്യാപകമായി തുലാവര്‍ഷം അനുഭവപ്പെടുക.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇന്ന് രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം കരകയറി മധ്യ ബംഗ്ലാദേശിന് മുകളിലെത്തിയതോടെ ശക്തി കുറഞ്ഞു വെല്‍ മാര്‍ക്ഡ് ലോ പ്രഷര്‍ ആയി. ഇത് ഇന്നു രാത്രിയോടെ വീണ്ടും ദുര്‍ബലപ്പെടും.
ഇന്ത്യയിലെയും സമീപ മേഖലയിലെയും അന്തരീക്ഷസ്ഥിതി വിലയിരുത്തുമ്പോള്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കൂടുതല്‍ പ്രദേശങ്ങളില്‍ വിടവാങ്ങാനുള്ള സാഹചര്യമൊരുങ്ങി. കരയിലും കടലിലും കാലവര്‍ഷക്കാറ്റിന്‍റെ സ്വാധീനം കുറഞ്ഞു വരുന്നു.
വിവിധ ഉപഗ്രഹ ഡാറ്റ വിശകലനം ചെയ്യുമ്പോള്‍ അന്തരീക്ഷതത്തിലെ ഈര്‍പ്പസാന്നിധ്യവും വിടവാങ്ങല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ അനുകൂലമാണ്. ഇപ്പോള്‍ മധ്യ ഇന്ത്യയില്‍ എത്തിനില്‍ക്കുന്ന വിടവാങ്ങല്‍ പ്രക്രിയ അടുത്ത ദിവസങ്ങളില്‍ ദക്ഷിണേന്ത്യയിലേക്ക് എത്തും.
ഇന്ത്യയുടെ കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളിലും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അതിവേഗം കാലവര്‍ഷം വിടവാങ്ങുന്ന കാഴ്ചയാണ് അടുത്ത ദിവസങ്ങളില്‍ കാണാനിരിക്കുന്നതെന്ന് കാലവർഷ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ കാസര്‍കോട് നിന്ന് വിടവാങ്ങല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആരംഭിച്ച് തിരുവനന്തപുരത്ത് ബുധനാഴ്ചയോടെ പൂര്‍ത്തിയാകും. രാജ്യവ്യാപകമായി തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വിടവാങ്ങുന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കുക കേന്ദ്ര കാലാവസ്ഥാ വകുപ്പാണ്.ഇത്തവണ കാലവര്‍ഷം വിടവാങ്ങലും തുലാവര്‍ഷം എത്തുന്നതും ഒരേ ദിവസമാകാനും സാധ്യത കൂടുതലാണ്.
കാറ്റ് ഗതിമാറുന്നു
കാലവര്‍ഷം മാറി തുലാവര്‍ഷം വരുന്നതിന് മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും കാറ്റിന്‍റെ ഗതിയില്‍ മാറ്റം വരികയാണ്. ഗോവയിലും, തീരദേശ കര്‍ണാടകയിലും കൊങ്കണിലും ഒറ്റപ്പെട്ട മഴ നല്‍കുമെന്നല്ലാതെ ഈ ചക്രവാതച്ചുഴി ബാധിക്കില്ല.
ബംഗാള്‍ ഉള്‍ക്കടലിലെ കാറ്റിന്‍റെ ഗതി വടക്കുകിഴക്കന്‍ ദിശയിലേക്ക് അടുത്ത 2-3 ദിവസത്തിനകം മാറുന്നതോടെ തുലാവര്‍ഷത്തിന്‍റെ വരവറിയിച്ച് തമിഴ്‌നാട്ടില്‍ മഴ ലഭിക്കും. ബുധനാഴ്ച രാവിലെ മുതല്‍ വടക്കന്‍ തമിഴ്‌നാട്ടില്‍ തുലാവര്‍ഷ മഴ ലഭിച്ചു തുടങ്ങും. കേരളത്തില്‍ വൈകിട്ടും മഴയെത്തും.
കേരളത്തില്‍ രണ്ടു ദിവസം മഴ ലഭിച്ച ശേഷം തുലാവര്‍ഷത്തില്‍ ഒരിടവേളക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ സാധ്യത നവംബര്‍ ആദ്യവാരം നിലനില്‍ക്കുന്നതിലാണിത്. ഈ സിസ്റ്റത്തെ കുറിച്ച് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും നിരീക്ഷകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.