തിരുവനന്തപുരം: വിദേശത്തുനിന്ന് ചാർട്ടഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്ന സംഘടനകൾ ഉയർന്ന നിരക്ക് ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വിമാനങ്ങൾ വന്ദേഭാരത് നിരക്കിൽ സർവിസ് നടത്തണം. മുൻഗണന വിഭാഗങ്ങൾക്ക് ആദ്യം യാത്രക്കുള്ള സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും കൊണ്ടുവരും. ഇവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തും. ഇതിനുള്ള എല്ലാ സംവിധാനവും സജ്ജമാക്കും.
മേയ് ഏഴുമുതലാണ് വന്ദേഭാരത് പദ്ധതി പ്രകാരം വിമാനങ്ങൾ വന്നുതുടങ്ങിയത്. ജൂൺ രണ്ടുവരെ 140 വിമാനങ്ങൾ വന്നു. 24333പേരാണ് ഇങ്ങനെ വന്നത്. 3 കപ്പലിലായി 1488 പേരുമടക്കം 25821 പേർ ഇതുവരെ വിദേശത്തുനിന്നെത്തി. വന്ദേഭാരത് പ്രകാരം ഒരു വിമാനവും കേരളം തടഞ്ഞിട്ടില്ല. വേണ്ടെന്നുവെച്ചിട്ടുമില്ല. ചോദിച്ച എല്ലാ വിമാനത്തിനും അനുമതിനൽകിയിട്ടുണ്ട് -മുഖ്യമന്ത്രി വ്യക്തമാക്കി.
വന്ദേഭാരതിെൻറ രണ്ടാം ഘട്ടത്തിൽ ഒരു ദിവസം 12 വിമാനങ്ങൾ സർവിസ് നടത്തുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. എന്നാൽ ഇത്രയും വിമാനങ്ങൾ കേന്ദ്രം ഇപ്പോൾ ഷെഡ്യൂൾ ചെയ്തിട്ടില്ല. ചാർട്ടർ വിമാനങ്ങൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകി. ഏതെങ്കിലും സംഘടനകൾ വിമാനം ചാർട്ട് ചെയ്യുകയാണെങ്കിലും അതിന് അനുമതി നൽകുന്നതിനും തടസ്സമില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
വന്ദേ ഭാരത് മിഷെൻറ ഭാഗമായി കുടുതൽ വിമാന സർവിസുകൾ നടത്തുന്നതിന് തടസ്സം കേരള സർക്കാരാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.