തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കരാറുകാരായ അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. കരാർ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണ് ഈയൊരു ദിവസത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പിന്റെ ഉത്തമ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖം. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ സഹായിച്ച തുറമുഖത്തിന്റെ കരാറുകാരായ അദാനി ഗ്രൂപ്പിനെ അഭിനന്ദിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
സ്വപ്നസാക്ഷാത്കാരമാണ് ഇന്നുണ്ടായത്. വെല്ലുവിളികളെ അതിജീവിച്ചാണ് വിഴിഞ്ഞം യാഥാർഥ്യമായത്. നാടിന്റെ കൂട്ടായ ഇച്ഛാശക്തിയുടെ പ്രതീകമാണ് ഇത്. വിഴിഞ്ഞത്തിലൂടെ ലോക ഭൂപടത്തിൽ ഇന്ത്യ ഇടംപിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2028ൽ വിഴിഞ്ഞം തുറമുഖം പൂർണമായും യാഥാർഥ്യമാവും. മൻമോഹൻ സിങ് സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിച്ചത് ചരിത്രത്തിന്റെ ഭാഗം. പദ്ധതി യാഥാർഥ്യമാക്കാൻ സഹകരിച്ച എല്ലാവർക്കും കേരളത്തിന്റെ പേരിൽ നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ആദ്യമായെത്തിയ കൂറ്റൻ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാൺഡോ’ക്കുള്ള ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
മന്ത്രി ജി.ആർ.അനിൽ, വി.ശിവൻകുട്ടി, മന്ത്രി കെ.രാജന്‍, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ എന്നിവർ സംബന്ധിച്ചു. ‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളില്‍’’ എന്ന മഹാകവി പാലാ നാരായണന്‍ നായരുടെ കവിതയിലെ വരികള്‍ ചൊല്ലിയാണ് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ പ്രസംഗം ആരംഭിച്ചത്. നാടിന്റെ വികസനചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികള്‍ അഭിമാനത്തോടെയാണ് ഈ നിമിഷത്തെ നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.