ബഫർസോണിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്​; ജനവാസമേഖല ഒഴിവാക്കും

തിരുവനന്തപുരം: ബഫർസോണിൽ കൂടുതൽ ആശ്വാസനീക്കങ്ങളും ആശങ്കനീക്കാൻ ഇടപെടലുകളുമായി സംസ്ഥാന സർക്കാർ. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും നിര്‍മിതികളും പൂര്‍ണമായി ഒഴിവാക്കിയുള്ളതായിരിക്കും ബഫര്‍സോണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയുള്ള ഭൂപടമാകും കേന്ദ്ര സര്‍ക്കാറിന്‍റെ എംപവേഡ് കമ്മിറ്റിക്കും സുപ്രീംകോടതിക്കും കൈമാറുക. ഉപഗ്രഹ സർവേ റിപ്പോര്‍ട്ട് സൂചകം മാത്രമാണ്, അന്തിമ രൂപമല്ല.

ഇത് അന്തിമ തീരുമാനമാണെന്ന രീതിയിലെ പ്രചാരണങ്ങൾ തെറ്റാണ്. പരിസ്ഥിതി സംരക്ഷണത്തില്‍ ജാഗ്രത കാട്ടുമ്പോൾതന്നെ ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും പരിധിയില്‍ വരുന്ന ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇക്കളോജിക്കല്‍ സെന്‍സിറ്റീവ് സോണുകളുടെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാട്. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റിദ്ധാരണജനകമാണ്.

ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ മാപ്പാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്‍റെ എംപവേഡ് കമ്മിറ്റിക്കും സുപ്രീംകോടതിക്കും കൈമാറിയത്. ബഫര്‍ സോണില്‍ ഈ മാപ്പ് മാത്രമാകും അടിസ്ഥാനരേഖ. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിശദമായ ഗ്രൗണ്ട് സർവേ ഉടന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരമുള്ള ഭൂപടത്തില്‍ വരാവുന്ന അപാകതകള്‍ പരിഹരിക്കുന്നതിനായാണ് ഫീല്‍ഡ് സർവേ തീരുമാനിച്ചത്. ഇപ്രകാരം തയാറാക്കുന്ന രേഖ പുനഃപരിശോധന ഹരജിയില്‍ തെളിവായി ഹാജാരാക്കും. എത്ര കെട്ടിടങ്ങള്‍, അവ ഏതൊക്കെ, എന്നിങ്ങനെ വിവരങ്ങള്‍ ശേഖരിക്കുന്നത് അത്തരം കെട്ടിടങ്ങള്‍ അവിടെ ഉണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താനും ആ കെട്ടിടങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമാണ്. ഇതിലൂടെ മാത്രമെ കോടതി നിർദേശിച്ച ഒരു കി.മീ ബഫര്‍സോണ്‍ പ്രദേശം ജനവാസമേഖലയാണെന്ന് തെളിയിക്കാന്‍ സാധിക്കൂ.

പ്രശ്നപരിഹാരത്തിന് ഏതറ്റം വരെയും

പ്രശ്നപരിഹാരത്തിന് സുപ്രീംകോടതി നിർദേശിച്ച എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ തേടും. ബഫര്‍ സോണില്‍പെടുന്ന പഞ്ചായത്തുകള്‍തോറും ജനങ്ങളുടെ അഭിപ്രായം ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കും.

പൊതുജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തദ്ദേശ ഭരണസംവിധാനങ്ങള്‍ ഹെല്‍പ് ഡെസ്ക്കുകള്‍ തുറക്കും.

ഇപ്പോള്‍ തയാറാക്കുന്ന ഉപഗ്രഹ സർവേയും വിവരശേഖരണവും മറ്റ് റവന്യൂ-വനം ആവശ്യങ്ങള്‍ക്കുപയോഗിച്ചേക്കാമെന്ന ആശങ്കയും പ്രദേശവാസികള്‍ക്ക് വേണ്ടതില്ല. ഈ സർവേ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹരജി പരിഗണിക്കുമ്പോള്‍ കേരളത്തിന്‍റെ വാദവും ജനസാന്ദ്രതയും തെളിയിക്കാനുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - CM's assurance on buffer zone; Residential areas will be avoided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.