മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം: ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രം?

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തവണ ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡുകാർക്ക് മാത്രമായി ചുരുക്കിയേക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം കൈക്കൊള്ളുമെന്നാണ് വിവരം. കഴിഞ്ഞ തവണ എല്ലാ കാർഡുടമകൾക്കും സർക്കാർ 13 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകിയിരുന്നു. ഇതുവഴി 425 കോടിയോളം രൂപയാണ് സർക്കാറിനുണ്ടായത്. കഴിഞ്ഞ തവണ 90 ലക്ഷമായിരുന്ന കാർഡുടമകളുടെ എണ്ണം ഈ വർഷം 93.7 ലക്ഷമായി ഉയർന്നിട്ടുണ്ട്. ഇതിനു പുറമെ, കഴിഞ്ഞ തവണ ഓണക്കിറ്റ് അടക്കം വിതരണം ചെയ്ത വകയിൽ 10 മാസത്തെ കമീഷനായി 45 കോടിയോളം രൂപ ധനവകുപ്പ് റേഷൻ വ്യാപാരികൾക്ക് നൽകേണ്ടതുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് കിറ്റ് വിതരണം ചുരുക്കുന്നത്.

മഞ്ഞ റേഷൻ കാർഡുകാർക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയാൽ ഇക്കുറി 5.87 ലക്ഷം കിറ്റ് മതിയാകും. 500 രൂപയുടെ കിറ്റ് നൽകിയാൽ പോലും 30 കോടിയോളം രൂപ ചെലവേ വരൂ. പിങ്ക് കാർഡുകാരെ കൂടി പരിഗണിച്ചാൽ 35.52 ലക്ഷം കിറ്റുകൾ നൽകേണ്ടിവരും. ചെലവ് 200 കോടിയാകും നിലവിലെ സാമ്പത്തിക അവസ്ഥയിൽ ഇത് താങ്ങാൻ കഴിയില്ലെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം കിറ്റിനായി സാധനങ്ങൾ എത്തിക്കേണ്ട സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. സാധനങ്ങൾ വിതരണം ചെയ്ത വകയിൽ 4389 കോടിയാണ് സർക്കാർ സപ്ലൈകോക്ക് നൽകാനുള്ളത്. ഇതോടെ, ഓണ വിപണിക്കുള്ള വിഭവങ്ങൾ വാങ്ങാൻപോലും പറ്റാത്ത പ്രതിസന്ധിയിലാണ് സ്ഥാപനം. പല ഔട്ട്ലറ്റുകളിലും ഭക്ഷ്യവസ്തുക്കൾക്ക് കുറവുണ്ട്. വിലക്കയറ്റം തടയാൻ 2016 മുതൽ സപ്ലൈകോ വിപണി ഇടപെടൽ നടത്തിയ വകയിൽ മാത്രം സർക്കാർ നൽകാനുള്ളത് 3000 കോടിയാണ്. സർക്കാറിന്‍റെ വിവിധ പദ്ധതികൾ പ്രകാരം അരിയും പലവ്യഞ്ജനങ്ങളും എത്തിച്ച വകയിൽ കിട്ടാനുള്ളത് 1389 കോടിയും.

മുൻകാല കുടിശ്ശിക കിട്ടാനുള്ളതു കാരണം സാധനങ്ങൾ നൽകുന്ന പല കമ്പനികളും സ്ഥാപനങ്ങളും ഇ-ടെൻഡറിൽനിന്നും ലേലത്തിൽനിന്നും വിട്ടുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാണ് നിർണായകമെന്ന് ഭക്ഷ്യവകുപ്പ് അധികൃതർ അറിയിച്ചു.

Tags:    
News Summary - CM's position is critical: Onam kit only for yellow card holders?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.