തിരുവനന്തപുരം: നിയമസഭയിലെ എം.എം. മണിയുടെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗവും സ്പീക്കറുടെ റൂളിങ്ങും പരസ്പരവിരുദ്ധമല്ലെന്ന് സ്പീക്കർ എം.ബി. രാജേഷ്. സ്പീക്കറും സഭാംഗങ്ങളുമെല്ലാം ചേർന്ന് നടത്തിയ സ്വയംവിമർശനമാണ് റൂളിങ്. വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ഔചിത്യപൂർണവും കരുതലുള്ളതുമായിരുന്നു. പ്രസംഗത്തിന്‍റെ രേഖ സൂക്ഷ്മമായി വായിച്ചാൽ ഇത് വ്യക്തമാകും.
തങ്ങൾക്ക് സ്വയംവിമർശനം നടത്താനും തിരുത്താനുമുള്ള കെൽപ്പുണ്ടെന്ന് തെളിയിക്കുകയാണ് റൂളിങ്ങിലൂടെ സഭ ചെയ്തത്. കേരള നിയമസഭയുടെ കരുത്തിനെയും ആന്തരിക ശക്തിയെയുമാണ് ഇത് അടിവരയിടുന്നത്. സ്വയം നവീകരണത്തിന് വേണ്ടിയുള്ള തുടക്കമാണിത്. പ്രത്യക്ഷത്തിൽ സഭ്യേതരമായ വാക്കുകൾ സഭാരേഖകളിൽനിന്ന് അപ്പോൾതന്നെ നീക്കംചെയ്യും. വാക്കുകളിൽ തെറ്റില്ലെങ്കിലും കൈമാറുന്ന ആശയം പുതിയ കാലത്തിന്‍റെ മൂല്യബോധത്തിന് യോജിച്ചതല്ലെങ്കിൽ അവധാനതയോടെ പരിശോധിച്ച് മാത്രമേ ചെയ്യാൻ കഴിയൂ.
വിമർശന സാഹചര്യമുണ്ടാക്കുന്നതിൽ രാഷ്ട്രീയക്കാർക്ക് മാത്രമല്ല, മാധ്യമങ്ങൾക്കും പങ്കുണ്ട്. ദൃശ്യമാധ്യമങ്ങൾക്കാണ് വലിയ പങ്ക്. സ്വയം വിമർശനത്തിന് നിയമസഭ സന്നദ്ധമായി. ഇനി മാധ്യമങ്ങളുടെ ഊഴമാണ്. സാങ്കേതികമായ ശരിതെറ്റുകളുടെ പ്രശ്നമായല്ല ഇതിനെ കാണേണ്ടതെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സ്പീക്കർ വ്യക്തമാക്കി.
സജി ചെറിയാന്‍റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ സഭ വേഗത്തിൽ പിരിഞ്ഞതിനെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അസാധാരണ നടപടിയെന്നാണ്. അങ്ങനെയല്ല, വളരെ സാധാരണ നടപടിയായിരുന്നു. ഒരു ഡസൺ തവണയെങ്കിലും സഭ ഇതിനെക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ പിരിഞ്ഞിട്ടുണ്ട്.
27ന് സഭ ചേർന്നപ്പോൾ ബഹളം മൂലം ചോദ്യോത്തര വേള റദ്ദാക്കി, മറ്റ് നടപടികൾ മാറ്റിവെച്ചു. നിർത്തിവെച്ച സമയമത്രയും പ്രതിപക്ഷവും ഭരണപക്ഷവും പിരിഞ്ഞുപോകാതെ അങ്ങോട്ടുമിങ്ങോടും ആരോപണങ്ങളുമായി നിലയുറപ്പിച്ചു. ഇത് അസാധാരണ സാഹചര്യമാണ്. ഈ സാഹചര്യം ആവർത്തിക്കേണ്ട എന്നതിനാലാണ് അന്ന് എല്ലാ നടപടികളും റദ്ദാക്കിയത് -സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.