പാലക്കാട്: 'ബാങ്ക്' എന്നു ചേർക്കുന്നതിനുള്ള റിസർവ് ബാങ്കിെൻറ വിലക്കിൽ കുടുങ്ങി സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകൾ. ബാങ്കിങ് ഭേദഗതി നിയമത്തിലെ സഹകരണ സംഘങ്ങൾക്കെതിരായ വകുപ്പുകൾ നീക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര ധനമന്ത്രി കൈമലർത്തിയതോടെ, സുപ്രീം കോടതിയിൽ കേരള സർക്കാർ നൽകുന്ന സ്യൂട്ട് ഹരജിയിലാണ് ഇനി സഹകാരികളുടെ ഏക പ്രതീക്ഷ.
2020 സെപ്റ്റംബർ 29ന് നിലവിൽവന്ന ബാങ്കിങ് നിയന്ത്രണ (ഭേദഗതി) നിയമം അനുസരിച്ച് ആർ.ബി.െഎ ലൈസൻസില്ലാതെ സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് നിഷ്കർഷിക്കുന്നു. സഹകരണ സംഘങ്ങൾ അംഗങ്ങളല്ലാത്തവരിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നത് നിയമപരമല്ല. സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കുന്നവർ സ്ഥാപനത്തിന് ബാങ്കിങ്ലൈസൻസ് ഉണ്ടോയെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ, നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപ ഗ്യാരൻറി കോർപറേഷെൻറ പരിരക്ഷ ലഭിക്കില്ലെന്നും ആർ.ബി.െഎ പറയുന്നു.
എന്നാൽ, സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് നിയന്ത്രണവും നിക്ഷേപിക്കുന്നവരെ വിലക്കുന്ന മുന്നറിയിപ്പും ആർ.ബി.െഎ നൽകുന്നത് ഏതു നിയമത്തിെൻറ അടിസ്ഥാനത്തിലാണെന്ന് സഹകാരികൾ ചോദിക്കുന്നു. സംഘങ്ങളിൽ അംഗങ്ങളെ നിശ്ചയിക്കുന്നത് അതത് സംസ്ഥാന നിയമങ്ങളാണെന്നും കേന്ദ്രനിയമത്തിൽ ഒരിടത്തും സഹകരണ സംഘങ്ങളുടെ അംഗങ്ങൾ ആരൊക്കെയാകണമെന്ന് നിർവചിട്ടില്ലെന്നും സഹകാരികൾ ചൂണ്ടിക്കാട്ടുന്നു. ആർ.ബി.െഎയുടെ ജാഗ്രത നിർദേശം, സഹകരണ ബാങ്കുകളിലെ ഇടപാടുകാരിൽ പരക്കെ ആശങ്ക പരത്തിയിരിക്കുകയാണ്. കോവിഡ് മൂലം കടുത്ത മാന്ദ്യത്തിലായ സഹകരണ മേഖലയിൽ ഇത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
സഹകരണ ബാങ്കുകൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ കേരളം വിയോജിപ്പ് അറിയിച്ചെങ്കിലും റിസർവ് ബാങ്ക് നിലപാടിൽ ഉറച്ച് മുേന്നാട്ടുപോകുകയാണ്. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കുന്നത് നിയമപരമാണെന്നും ഇവർ നടത്തുന്ന സാമ്പത്തിക ഇടപാടുകളെ ബാങ്കിങ് എന്ന നിർവചനത്തിന് കീഴിൽ തരം തിരിക്കാനാവില്ലെന്നുമാണ് സംസ്ഥാന സർക്കാറിെൻറ വാദം. സംഘങ്ങളുടെ നിക്ഷേപത്തിന് ഗ്യാരൻറിക്കായി കേരളത്തിൽ നിയമമുണ്ട്.
നിയന്ത്രണം പ്രാഥമിക ബാങ്കുകളും മറ്റു സഹകരണ സംഘങ്ങളുമടക്കം കേരളത്തിലെ 16,000ലധികം സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും സഹകരണ രജിസ്ട്രാർ, ആർ.ബി.െഎ ജനറൽ മാനേജർക്ക് അയച്ച കത്തിലുണ്ട്.
സംസ്ഥാനത്ത് ആർ.ബി.െഎ ലൈസൻസുള്ളത് കേരള ബാങ്കിനും മലപ്പുറം ജില്ല സഹകരണ ബാങ്കിനും അർബൻ കോഒാപറേറ്റിവ് ബാങ്കുകൾക്കും മാത്രമാണ്. സംസ്ഥാന സഹകരണ നിയമം അനുസരിച്ചാണ് പ്രാഥമിക ബാങ്കുകളുടെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.