ദോഹ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രസിദ്ദീകരിച്ച ഗുണഭോക്തൃ പട്ടിക അപാകതകൾ നിറഞ്ഞതാണെന്ന് ടി. സിദ്ദീഖ് എം.എൽ.എ. തദ്ദേശഭരണ സ്ഥാപനങ്ങളോടോ, ജനപ്രതിനിധികളോടോ, ദുരന്തബാധിതരോടോ ആലോചിക്കാതെയാണ് പുനരധിവാസം ഘട്ടംഘട്ടമായി നിർവഹിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും, പുനരധിവാസത്തിനുള്ള ആദ്യ കരട് പട്ടികയിൽ മുണ്ടക്കൈ ഭാഗത്ത് മാത്രം 65 പേരുകൾ ആവർത്തിക്കുന്നതായും ഖത്തർ സന്ദർശനത്തിനിടെ ദോഹയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ടി. സിദ്ദീഖ് ചൂണ്ടിക്കാട്ടി.
ചൂരൽമല-മുണ്ടക്കൈ ദുരന്തം പ്രകൃതിദുരന്തമായിരുന്നുവെങ്കിൽ, പുനരധിവാസത്തിൽ സർക്കാർ വലിയ ദുരന്തമായി മാറി -അദ്ദേഹം പറഞ്ഞു.
‘പുനരധിവാസത്തിന് അടിസ്ഥാനപരമായി വേണ്ട ഭൂമിപോലും സർക്കാറിന്റെ കൈയിൽ ലഭ്യമല്ല. നിയമസഭയിൽ നൽകിയ ഒരു ഉറപ്പും സർക്കാർ ഈ കാര്യത്തിൽ പാലിച്ചിട്ടില്ല. പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ സന്നദ്ധത അറിയിച്ച സ്പോൺസർമാരുടെ യോഗം വിളിച്ചുചേർക്കുമെന്ന് അറിയിച്ചിട്ടും പാലിച്ചിട്ടില്ല. വയനാട് ദുരന്തത്തിലെ ഇരകളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന മനുഷ്യത്വരഹിതമായ സമീപനവും സംസ്ഥാന സർക്കാർ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും മൂലം ദുരന്തബാധിതരുടെ ജീവിതം ഏറ്റവും വലിയ പ്രയാസത്തിലാണ്. ഇന്ന് അവർ ജീവിക്കുന്നത് പൊതുസമൂഹത്തിന്റെ കാരുണ്യത്തിലാണ്. ദുരന്തബാധിതരെ പൊതു സമൂഹത്തിന്റെ കൈയിലേക്ക് എറിഞ്ഞുകൊടുത്ത്, സ്വന്തം ഉത്തരവാദിത്വം നിർവഹിക്കാതെയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മുന്നോട്ട് പോകുന്നത്.
ഒരു ഉത്തരവാദിത്തവുമില്ലാതെയാണ് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടിക തയാറാക്കിയത്. ദുരന്തബാധിതരെ ഏറ്റവും വലിയ കെടുതിയിലാക്കുന്ന മറ്റൊരു ദുരന്തമായി സർക്കാർ സംവിധാനം മാറുന്നു. ദുരന്തബാധിതരെ ഇരുട്ടിൽ നിർത്തി മുന്നോട്ട് പോകാനുള്ള സർക്കാർ സമീപനത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. സംസ്ഥാന സെക്രട്ടറിയേറ്റ് വരെ പ്രക്ഷോഭം തുടരും' -അദ്ദേഹം പറഞ്ഞു. സമ്പൂർണ പുനരധിവാസത്തിന് സമയബന്ധിത കലണ്ടർ സർക്കാർ തയാറാക്കണം. സ്പോൺസർമാരുടെയും ദുരന്തബാധിതരുടെയും സർവകക്ഷികളുടെയും അടിയന്തര യോഗം വിളിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.