സഹകരണ മേഖല തകർക്കാൻ ബി.ജെ.പി ശ്രമം -മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ധനവിനിയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ സ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കുക മാത്രമല്ല, തകര്‍ക്കാന്‍ ബോധപൂര്‍വമായ നീക്കവും നടത്തുന്നു. ഇതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. കള്ളപ്പണക്കാര്‍ക്ക് വിളയാടാനുള്ള കേന്ദ്രമല്ല സഹകരണസ്ഥാപനങ്ങളെന്നും മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

 കേരളത്തില്‍ സമ്പൂര്‍ണ ബാങ്കിങ് എന്ന ലക്ഷ്യം കൈവരിക്കാനായത് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൊണ്ടാണ്. സഹകരണ മേഖലക്കും മറ്റ് ബാങ്കുകള്‍ക്കുള്ളതുപോലെ ഇടപാട് നടത്താന്‍ സൗകര്യംവേണമെന്ന് ആവശ്യപ്പെട്ടതിന്‍െറ അന്ന് ഉച്ചക്കാണ് ഉള്ള അനുമതി കൂടി റദ്ദാക്കിയത്. ഇതിന്‍െറ പിന്നില്‍ ഗൂഢാലോചനയുണ്ട്. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്‍െറ കേന്ദ്രമാണെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. ബി.ജെ.പിയുടെ പരസ്യപ്രഖ്യാപനം സഹകരണ മേഖല തകരട്ടെ എന്നാണ്. സഹകരണ സ്ഥാപനങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ പാടില്ല. ഈ മേഖലയെ സംരക്ഷിക്കേണ്ട നിലപാടാണ് കേന്ദ്രം സ്വീകരിക്കേണ്ടത്. അവ കള്ളപ്പണത്തിന്‍െറ കേന്ദ്രമാണെന്ന് ഒരു ബി.ജെ.പി ജനപ്രതിനിധി തന്നോട് പറഞ്ഞു. സംശയമുള്ള സ്ഥലങ്ങളില്‍ പോയി എല്ലാനിക്ഷേപവും പരിശോധിക്കാമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രചാരണം അസംബന്ധമാണ്.

ബി.ജെ.പിക്കാര്‍ സഹകരണ ബാങ്കുകള്‍ മുഴുവന്‍ നശിച്ചുപോകണമെന്ന് പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനതന്നെയാണ്. ഒരുദിവസം കള്ളപ്പണം വന്ന് നിറഞ്ഞുണ്ടായതല്ല സഹകരണ ബാങ്കുകള്‍. സാധാരണജനങ്ങളുടെ മേഖലയാണത്. കള്ളപ്പണക്കാര്‍ക്ക് അത് സംരക്ഷിക്കാന്‍ വേറെ മാര്‍ഗങ്ങളുണ്ട്. പാര്‍ലമെന്‍റ് പാസാക്കിയ നിയമപ്രകാരം റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുംപോലെ കേരള നിയമസഭ പാസാക്കിയ നിയമത്തിന്‍െറ പിന്‍ബലത്തിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്ക് ഇടപാടുകളില്‍ വ്യക്തമായ പരിശോധനയുണ്ട്. സഹകരണ ബാങ്കുകളിലെ ആദായനികുതി പരിശോധനയെ കേരളംമാത്രം എതിര്‍ക്കുന്നെന്ന പ്രസ്താവന വിവരം ഇല്ലാത്തതിനാലാണ്.

ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ സഹകരണ മേഖലയിലെ നിക്ഷേപം ശക്തമാണ്. എല്ലാം കൈയടക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുമ്പോള്‍ അതല്ല ശരിയെന്ന നിലപാട് കേരളം എടുത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടത് ആഡംബരവും ധൂര്‍ത്തുമായി കാണുന്നത് എങ്ങനെയാണെന്ന് കുമ്മനം രാജശേഖരന്‍െറ ആരോപണത്തിന് മറുപടിയായി പിണറായി ചോദിച്ചു. ബി.ജെ.പിക്കാര്‍ക്ക് മാത്രമേ ഇങ്ങനെ ആക്ഷേപം പറയാനാവൂ. ഇവിടെയുള്ളവര്‍ നല്ലവസ്ത്രം ധരിക്കുന്നതും നല്ലഭക്ഷണം കഴിക്കുന്നതും അധ്വാനിക്കുന്നത് കൊണ്ടാണ്. അതിനെ ധൂര്‍ത്തായി കാണുന്നത് എങ്ങനെയാണ് -പിണറായി ചോദിച്ചു.

Tags:    
News Summary - co operative banks pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.