തിരുവനന്തപുരം: ജില്ല ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് സഹകരണസംഘത്തിന്റെ മറവിൽ നാലരകോടിയോളം രൂപ തട്ടിയ കേസിൽ സഹകരണസംഘം ഓണററി സെക്രട്ടറി ലേഖ പി. നായരെയും ഭർത്താവ് കൃഷ്ണകുമാറിനെയും ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലമുക്ക് സ്വദേശി കുമാര്‍ നൽകിയ പരാതിയുടെയും സഹകരണസംഘം അസി.രജിസ്ട്രാറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരെയും പുന്നപുരം ക്ഷേത്രഭാഗത്തുെവച്ച് പൊലീസ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളും ഭരണസമിതി അംഗങ്ങളുമായ മുരുകൻ, പി.പ്രീതി, അജിത്ത് സലീം, ജി. ശ്രീകുമാർ, എൽ.ശ്രീപതി, ഉണ്ണികൃഷ്ണൻ നായർ എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇവർ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.
ജില്ല ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍സ് സഹകരണ സംഘത്തിന്റെ മറവിൽ നടന്ന തട്ടിപ്പ് 'മാധ്യമ'മാണ് പുറത്തുവിട്ടത്. 2013 മുതൽ തകരപ്പറമ്പ് കൊച്ചാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍സ് സഹകരണ സംഘത്തിന്റെ മറവിൽ ഓണററി സെക്രട്ടറി ലേഖ പി. നായരും ഭർത്താവ് കൃഷ്ണകുമാറും ചേർന്ന് 1,05,21,291 രൂപയും ഭരണസമിതി അംഗങ്ങളായ ആറുപേർ ചേർന്ന് 3,57,11,832 രൂപ തട്ടിയെന്നുമാണ് അസി.രജിസ്ട്രാർ സംസ്ഥാന സർക്കാറിന് നൽകിയ റിപ്പോർട്ട്. പ്രതിമാസ നിക്ഷേപ പദ്ധതിയിൽ ഗുരുതര ക്രമക്കേടുകൾ നടത്തി ലേഖയും കൃഷ്ണകുമാറും ചേർന്ന് 80,30,00 രൂപ വെട്ടിച്ചു. സേവിങ്സ് അക്കൗണ്ടുകളിൽ നിന്നും നിക്ഷേപകരുടെ അറിവോ സമ്മതമോ ഇല്ലാതെ 2,24,483 രൂപ ലേഖ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പെൻഷൻ സമ്പാദ്യവും പെൺമക്കളുടെ വിവാഹത്തിനായി കരുതിവെച്ച പണവും സംഘത്തിൽ നിക്ഷേപിച്ചവരാണ് വഞ്ചിതരായവരിൽ ഏറെയും.
ജാമ്യവ്യവസ്ഥകൾ പാലിക്കാതെ ലേഖ പി നായർ സ്വന്തം പേരിലും ഭർത്താവ് കൃഷ്ണകുമാറിന്റെ പേരിലും 2,42,025രൂപയും അക്ഷയ നിധിയുടെ പേരിൽ 1,51,033 രൂപയും തട്ടിയതായും അന്വേഷണത്തിൽ കണ്ടെത്തി. സ്ഥിര നിക്ഷേപമില്ലാത്തവർക്ക് സ്ഥിര നിക്ഷേപ വായ്പ നൽകിയതായി രജിസ്റ്ററിൽ രേഖപ്പെടുത്തി രണ്ടരലക്ഷം തട്ടി. സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി സംഘത്തിലേക്ക് 11 താൽക്കാലിക ജീവനക്കാരെയും 10 കലക്ഷൻ ഏജൻറുമാരെയും നിയമിച്ചിരുന്നു. ഇവർക്ക് 19,58,310 രൂപയാണ് ശമ്പളമായി നൽകിയത്. സഹകരണവകുപ്പിന്റെ അനുമതി ലഭിക്കാതെ അനധികൃതമായി നൽകിയ ഈ ശമ്പളം 18 ശതമാനം പലിശ സഹിതം ബന്ധപ്പെട്ട ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കണമെന്നും അസി.രജിസ്ട്രാറുടെ റിപ്പോർട്ടിലുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.