കണ്ണൂർ: മംഗളൂരുവിൽനിന്ന് രാവിലെ 5.05ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസിൽ അധിക ജനറൽ കോച്ച് അനുവദിക്കുമെന്ന ഉറപ്പ് വെറുതെയായി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉൾപ്പടെയുള്ളവർ ഉറപ്പുനൽകിയതായി ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗവും റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി മുന്‍ ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസാണ് അറിയിച്ചിരുന്നത്. ഇതേ കാര്യമുന്നയിച്ച് ഇ. ശ്രീധരനും ദക്ഷിണ റെയിൽവേക്ക് നിവേദനം നൽകി. രണ്ടുപേരുടെയും ആവശ്യം കേട്ടുവെന്നല്ലാതെ പരശുറാം എക്സ്പ്രസിൽ അധികകോച്ച് അനുവദിക്കാൻ കഴിയില്ലെന്ന് റെയിൽവേ വ്യക്തമാക്കുകയും ചെയ്തു.
ഇതിനു പകരമായാണ് മംഗളൂരുവിൽനിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന കോഴിക്കോട് എക്സ്പ്രസിൽ രണ്ട് അധിക കോച്ചുകൾ നൽകാമെന്ന് റെയിൽവേ സമ്മതിച്ചത്. ഈ കോച്ചുകൾ അടിയന്തരമായി ഏർപ്പെടുത്തുമെന്ന് പറയുന്നുണ്ടെങ്കിലും എന്നു പ്രാബല്യത്തിൽ വരുമെന്ന് ഉറപ്പായിട്ടില്ല.
എന്നാൽ, പരശുറാമിലെ യാത്രത്തിരക്കിനുള്ള പരിഹാരമല്ല തൊട്ടുപിന്നാലെയുള്ള മംഗളൂരു-കോഴിക്കോട് എക്സ്പ്രസിൽ അധിക കോച്ചുകളുടെ വർധനയെന്നാണ് യാത്രക്കാർ പറയുന്നത്. മംഗളൂരുവിൽനിന്ന് പരശുറാം പുറപ്പെട്ട് പത്തുമിനിറ്റ് കഴിഞ്ഞ് കോഴിക്കോട് എക്സ്പ്രസും പുറപ്പെടുന്നുണ്ടെങ്കിലും ഈ ട്രെയിൻ കോഴിക്കോട് എത്തുക 10.25നാണ്. പരശുറാം എത്തുന്നതാകട്ടെ 8.37നും. രാവിലെ ജോലിക്ക് പോകുന്നവർക്കും വിദ്യാർഥികൾക്കും കോഴിക്കോട് എക്സ്പ്രസിലെ അധികകോച്ച് കൊണ്ട് പ്രത്യേകിച്ച് പ്രയോജനവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.