കൊച്ചി: സി.പി.എം കൗൺസിലറുടെ രാജിക്കും ബി.ജെ.പിക്ക് ആദ്യമായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിച്ചതിനും സാക്ഷ്യം വഹിച്ച് നാടകീയമായി കൊച്ചി കോർപറേഷൻ സ്ഥിരം സമിതി ചെയർമാൻ തെരഞ്ഞെടുപ്പ്. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവും ആറാം ഡിവിഷന് കൗണ്‍സിലറുമായ എം.എച്ച്.എം. അഷറഫാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. സ്ഥിരം സമിതി െതരഞ്ഞെടുപ്പില്‍ പ്രാധാന്യം നല്‍കിയില്ലെന്ന് ആരോപിച്ചാണ് രാജി. യു.ഡി.എഫുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അമരാവതി ഡിവിഷനിലെ ബി.ജെ.പി കൗൺസിലർ അഡ്വ. പ്രിയ പ്രശാന്താണ് നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നേടിയത്. ഒമ്പതംഗ സ്ഥിരം സമിതിയിൽ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു. ബി.ജെ.പി അംഗങ്ങളുടെ നാലു വോട്ട് നേടിയ പ്രിയ പ്രശാന്ത് വിജയിച്ചു. നഗരാസൂത്രണ സമിതി ചെയര്മാന് സ്ഥാനം മേയർ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണച്ച സ്വതന്ത്രൻ ജെ. സനില്‍ മോന് നല്‍കാനുള്ള സി.പി.എം തീരുമാനം അഷറഫ് എതിര്‍ത്തിരുന്നു. സീനിയറായ തന്നെ പരിഗണിക്കണമെന്ന് അഷറഫ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് സ്ഥിരം സമിതി െതരഞ്ഞെടുപ്പില്‍ അഷറഫ് വോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് കമ്മിറ്റി ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടിരുന്നു.
ആകെ 74 അംഗ കോർപറേഷനിൽ സി.പി.എം അംഗത്തിെൻറ രാജിയോടെ എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷിനില 33--33 ആയി. മുസ്ലിംലീഗ് വിമതനായ ടി.കെ. അഷറഫും സ്വതന്ത്രൻ ജെ. സനിൽമോനും നൽകിയ പിന്തുണയിലാണ് എൽ.ഡി.എഫിലെ അഡ്വ. എം. അനിൽകുമാർ മേയറായത്. ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളുണ്ട്. 23ാം ഡിവിഷനിലെ കെ.പി. ആൻറണി മേയർ വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. എട്ട് സ്ഥിരം സമിതികളിൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിനും ബി.ജെ.പിക്കും ഓരോന്നും ലഭിച്ചു. അതിനിടെ, ആറുമാസത്തിനകം മേയർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് കോൺഗ്രസിലെ ആൻറണി കുരീത്തറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.