തിരുവനന്തപുരം: സർക്കാർ ഏറെ കൊട്ടിേഘാഷിച്ച് തുടങ്ങിയ കേരളത്തിെൻറ സ്വന്തം ലാപ്ടോപ് പദ്ധതി കൊക്കോണിക്സ് മൂലം കെൽട്രോണിന് നഷ്ടപ്പെട്ടത് 2.25 ഏക്കർ ഭൂമി. ലാപ്ടോപ് നിർമിക്കാൻ സഹായിക്കാമെന്നേറ്റ സ്വകാര്യ കമ്പനിയുടെ കൈയിലാണ് ദശകോടികൾ മതിക്കുന്ന ഭൂമി ചെന്നുപെട്ടത്. ജനുവരിയിൽ പുറത്തിറക്കിയ ലാപ്ടോപ് സർക്കാർ സ്ഥാപനങ്ങളിലടക്കം വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.
പ്രതിവർഷം ഒരു ലക്ഷം എന്ന കണക്കിൽ വിവിധ സർക്കാർ വകുപ്പുകളിലേക്ക് ലാപ്ടോപ് വാങ്ങേണ്ടിവരുമെന്ന കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു പദ്ധതി. ഇതിന് യു.എസ്.ടി ഗ്ലോബൽ എന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ കെൽട്രോൺ, കെ.എസ്.ഐ.ഡി.സി എന്നിവരും സ്റ്റാർട്ടപ് കമ്പനിയും ചേർന്ന് സ്പെഷൽ പർപസ് വെഹിക്കിൾ രൂപവത്കരിച്ചിരുന്നു.
പൂർണമായും യു.എസ്.ടി ഗ്ലോബലിെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനായി മൺവിളയിലെ കെൽട്രോണിെൻറ പ്രിൻറഡ് സർക്യൂട്ട് ബോർഡ് നിർമാണശാലയും 2.25 ഏക്കർ സ്ഥലവുമാണ് കൈമാറിയത്. കെട്ടിടങ്ങൾ കോടിക്കണക്കിന് രൂപ വായ്പയെടുത്ത് നവീകരിച്ച ശേഷമാണ് കൈമാറിയത്. മാസം നിശ്ചിത തുക കെൽട്രോണിന് വാടകയായി നൽകാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും വീഴ്ച വന്നിട്ടുണ്ട്.
പദ്ധതിക്കായി സർക്കാർ ഗാരൻറിയിൽ കോടിക്കണക്കിന് രൂപ കെ.എസ്.ഐ.ഡി.സിയും സ്വകാര്യ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാൽ, വിപണിയിലിറക്കി ഏഴു മാസം കഴിഞ്ഞിട്ടും ലാപ്ടോപ് ലഭ്യമാകുന്നില്ല. സ്കൂളുകളിലേക്കടക്കം കമ്പ്യൂട്ടർ നൽകിയെങ്കിലും മഹാഭൂരിപക്ഷവും മറ്റു കമ്പനികളുടേതായിരുന്നു. കെൽട്രോൺ ജീവനക്കാർക്കിടയിൽ വിൽപന നടത്താൻ ശ്രമിച്ചെങ്കിലും കൊക്കോണിക്സിനൊപ്പം വിൽപനക്കുവെച്ച ലെനോവ ലാപ്ടോപ്പാണ് ഭൂരിപക്ഷം ആളുകളും വാങ്ങിയത്. സമാനശേഷിയുള്ള കമ്പ്യൂട്ടറുകളെക്കാൾ വിലയായതും വിനയായി.
പ്രതിവർഷം 2.5 ലക്ഷം ലാപ്ടോപ് നിർമിക്കാനുള്ള ശേഷിയിലാണ് കെൽട്രോണിെൻറ സ്ഥലം നവീകരിച്ചത്. മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിെൻറ സ്വപ്നമായി അവതരിപ്പിച്ച പദ്ധതി വിശദീകരിക്കാൻ വിളിച്ച തൊഴിലാളി യൂനിയൻ നേതാക്കളുടെ യോഗത്തിൽ ഇന്ത്യയിൽ ആദ്യമായി ചിപ്പ് അസംബ്ലി അടക്കം സൗകര്യങ്ങളോടെയുള്ള നിർമാണമാണ് മൺവിളയിൽ നടത്തുക എന്നറിയിച്ചിരുന്നു.
എന്നാൽ, ചൈനയിൽനിന്ന് ഘടകങ്ങൾ ഇറക്കുമതി ചെയ്ത് കൂട്ടിച്ചേർക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കെൽട്രോണിലെ സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂട്ടുസംരംഭമാണെങ്കിലും കെൽട്രോണിൽനിന്ന് ഒരാളെപ്പോലും കൊക്കോണിക്സിലേക്ക് നിയോഗിച്ചിട്ടില്ല. കമ്പ്യൂട്ടർ നിർമിക്കാൻ കെൽട്രോണിന് ശേഷിയുണ്ടെന്നിരിക്കെ, എന്തിന് സ്വകാര്യ കമ്പനിയെ കൂട്ടുപിടിച്ചെന്ന ചോദ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.