പാലക്കാട്: നടുപ്പുണി മോട്ടോർവാഹന ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ കൈക്കൂലിയും പാരിതോഷികങ്ങളും പിടികൂടി. പണത്തിന് പുറമേ തേങ്ങയും പഴങ്ങളും പച്ചക്കറിയും ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയിരുന്നു. ചെക്പോസ്റ്റിന് സമീപത്തെ മുറിയിലാണ് ഇവ സംഭരിച്ചിരുന്നത്.
ചരക്കുവാഹന ഡ്രൈവർമാരിൽ നിന്നാണ് കൈക്കൂലിയായി തേങ്ങയും പച്ചക്കറികളും വാങ്ങിയത്. തൊട്ടടുത്ത മുറിയിൽ സംഭരിക്കുന്ന ഇവ ഉദ്യോഗസ്ഥർ പങ്കിട്ട് വാഹനങ്ങളിലാക്കി വീട്ടിലേക്ക് കൊണ്ടുപോകാറാണ് പതിവ്. കൈക്കൂലിക്ക് പുറമേയാണ് പലപ്പോഴും ഇത്തരം ചരക്കുകളും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട് വാങ്ങുന്നത്. സംഭവം മോട്ടോർവാഹന വകുപ്പിനാകെ നാണക്കേടായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വാളയാറിലെ മോട്ടർ വാഹന വകുപ്പിന്റെ ചെക്പോസ്റ്റിലും കൈക്കൂലിയായി പണത്തിനുപുറമേ മത്തനും ഓറഞ്ചും അടക്കമുള്ള പഴങ്ങളും പച്ചക്കറികളും വാങ്ങിയത് പിടികൂടിയിരുന്നു. വിജിലൻസ് സംഘം വേഷം മാറിയെത്തിയാണ് ഇവ പിടികൂടിയത്. കൈക്കൂലിയായി ഇലപ്പൊതിയിൽ കൊണ്ടുവന്ന 67,000 രൂപയും പിടികൂടി. വിജിലൻസ് സംഘം എത്തിയത് അറിഞ്ഞ് എ.എം.വി.ഐ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ വിജിലൻസ് സംഘം ഇയാളെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.