കോയമ്പത്തൂർ സ്‌ഫോടനക്കേസ്: കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുന്നാസിർ മഅ്ദനിയെ കുറ്റമുക്തനാക്കി

കോഴിക്കോട്: കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതികളെ സഹായിച്ചെന്ന കേസിൽ അബ്ദുന്നാസിർ മഅ്ദനിയടക്കം നാല് പ്രതികളയും കോടതി വെറുതെ വിട്ടു. അറസ്റ്റ് ചെയ്ത് 25 വർഷത്തിന് ശേഷമാണ് വിധി. കോയമ്പത്തൂർ സ്ഫോടനം കഴിഞ്ഞയുടൻ ആയുധങ്ങളുമായി രണ്ടുപേർ കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ പിടിയിലായതിനെ തുടർന്ന് കസബ പൊലീസെടുത്ത കേസിൽ ഒന്നുമുതൽ മൂന്ന് വരെ പ്രതികളായ നടുവട്ടം എ.ടി. മുഹമ്മദ് അഷ്റഫ്, പന്നിയങ്കര എം.വി. സുബൈർ, കെ. അയ്യപ്പൻ, നാലാം പ്രതി അബ്ദുന്നാസിർ മഅ്ദനി എന്നിവരെ വിട്ടയച്ചു കൊണ്ട് മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് ആർ. മധുവാണ് ഉത്തരവിട്ടത്.

കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിചേർത്ത മജീദ് എന്ന ഊമ ബാബുവിനെ 1998 മാർച്ച് 29ന് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കോഴിക്കോട്ട് സ്ഥിരം വരികയും ഒളിവിൽ താമസിക്കുകയും കോഴിക്കോട്ടുകാരായ ചിലർ ആയുധങ്ങൾ എത്തിച്ചുനൽകുകയും ചെയ്തതായി ഊമ ബാബു മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1998 മാർച്ച് 31ന് നടന്ന പരിശോധനയിൽ മൊഫ്യൂസിൽ സ്റ്റാൻഡിന് സമീപത്തുനിന്ന് അഷ്റഫിനെയും സുബൈറിനെയും കസബ പൊലീസ് നാടൻ നിർമിത കൈത്തോക്കും തിരകളുമായി അറസ്റ്റിലായെന്നാണ് കേസ്. മഅ്ദനിക്കായി ഈയിടെ അന്തരിച്ച അഡ്വ. എം. അശോകനും മറ്റു പ്രതികൾക്കായി അഡ്വ. കെ.പി. മുഹമ്മദ് ശരീഫ്, അഡ്വ. അനീഷ്, അഡ്വ. റഫീഖ് എന്നിവരുമാണ് ഹാജരായത്.

Tags:    
News Summary - Coimbatore blast case: Abdunnasir Madani acquitted in case registered in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.