കൊച്ചിയിൽ ജല്‍ജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കാന്‍ കലക്ടറുടെ നിര്‍ദേശം

കൊച്ചി: ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ജില്ലയില്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍ദേശം നല്‍കി. ഡിസ്ട്രിക്ട് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷന്‍ അവലോകനയോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ജല്‍ജീവന്‍ മിഷന്റെ കീഴില്‍ പൈപ്പ് ലൈന്‍ കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ്, വനം, റെയില്‍വേ തുടങ്ങിയ വകുപ്പുകളുമായുള്ള തടസങ്ങള്‍ നീക്കാന്‍ നടപടി സ്വീകരിക്കും. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി ലഭ്യമാകുന്നതിന് ദേശീയപാതാ അതോറിറ്റിയുടെ യോഗം ചേരും.

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പിനാവശ്യമായ അധിക തുക പുനക്രമീകരണം വഴി ലഭ്യമാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി പ്രൊജക്ട് ഡിവിഷന്‍ പെരുമ്പാവൂരില്‍ നിന്ന് 20 കോടിയും പിഎച്ച് ഡിവിഷന്‍ കൊച്ചി-16 ല്‍ നിന്ന് 30 ലക്ഷം രൂപയും പ്രൊജക്ട് ഡിവിഷന്‍ കൊച്ചിയില്‍ നിന്ന് 22.49 ലക്ഷം രൂപയും ഉള്‍പ്പടെ 42.79 കോടി രൂപയാണ് അധികമായി ലഭ്യമാക്കുക. പദ്ധതി നടത്തിപ്പിനാവശ്യമായ എല്ലാ പിന്തുണയും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.

ജില്ലയില്‍ 82 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജല്‍ ജീവന്‍ മിഷനു വേണ്ടിയുള്ള റോഡ് കട്ടിംഗിന് അനുമതി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തും. പദ്ധതിക്കായി ഏറ്റെടുക്കാനുള്ള മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും ഏറ്റെടുത്തു. സ്വകാര്യ ഉടമസ്ഥതയിലുള്ള 120 സെന്റ് ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ 2,47,261 വീടുകളില്‍ പദ്ധതിപ്രകാരം കണക്ഷന്‍ ലഭിക്കും. ഇതില്‍ 95,289 വീടുകളിലാണ് കണക്ഷന്‍ നല്‍കിയിട്ടുള്ളത്. ജില്ലാ വികസന കമീഷണര്‍ ചേതന്‍ കുമാര്‍ മീണ, വാട്ടര്‍, അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Collector's instructions to speed up the Jaljeevan Mission project in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.