വാട്സാപ്പ് ഹാക്കിങ്; അധ്യാപകന്‍റെ ഫോണിൽ നിന്ന് കോളജ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ചു

കോഴിക്കോട്: കോളജ് അധ്യാപകന്‍റെ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വിദ്യാർഥികൾ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ചതായി പരാതി. കോഴിക്കോട് നാദാപുരത്തെ ഒരു സ്വകാര്യ കോളജിലെ അധ്യാപകന്‍റെ വാട്സാപ്പാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇതുസംബന്ധിച്ച് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിരിക്കുകയാണ് അധ്യാപകൻ.

കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് അധ്യാപകന്‍റെ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ശേഷം ഇതിൽ നിന്ന് പ്രിൻസിപ്പൽ ഉൾപ്പെടെ അധ്യാപകരും വിദ്യാർഥികളും ഉള്ള കോളജ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. വൈസ് പ്രിൻസിപ്പൽ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് താൻ ഇക്കാര്യമറിഞ്ഞതെന്ന് അധ്യാപകൻ പറയുന്നു.

തുടർന്ന്, കുറ്റ്യാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഹാക്കിങ് നടക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. വാട്സാപ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്‍റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇമെയിൽ വിലാസം ചേർക്കുവാൻ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.